ന്യൂദല്‍ഹി: 2016 ഒക്ടോബറിനും 2017 ഒക്ടോബറിനും ഇടയില്‍ 90 ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന കണക്കുകള്‍ പുറത്തുവിട്ട് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി (സി.എം.ഐ.ഇ). കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന രൂക്ഷമായ തൊഴിലില്ലായ്മ വരും വര്‍ഷങ്ങളിലും തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സി.എം.ഐ.ഇ യുടെ ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 5.7 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ വര്‍ധിക്കുന്ന സീസണായിട്ടു കൂടി ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ 3 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ വ്യവസായ മേഖലയിലും വന്‍ കുറവാണ് ഉണ്ടായിരുക്കുന്നത്.
വ്യാവസായ മേഖലയിലെ കഴിഞ്ഞ സപ്തംബറിലെ 5 ശതമാനം നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സപ്തംബറില്‍ 3.8 ശതമാനമായി വളര്‍ച്ചാനിരക്ക് കുറയുകയാണുണ്ടായത്. വ്യാവസായിക മേഖലയിലെ ഈ തകര്‍ച്ച ശക്തമായിത്തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
15 വയസിനും 29 വയസിനും ഇടയിലുള്ള ഇന്ത്യയിലെ 30 ശതമാനത്തോളം ചെറുപ്പക്കാര്‍ ഒരു തൊഴിലുമില്ലാത്തവരാണ്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അനുദിനം തൊഴില്‍ നഷ്ടപ്പെടുകയും ആ തൊഴിലാളികള്‍ അസംഘടിത മേഖലയിലേക്ക് ചേക്കേറുകയും ചെയ്യുന്നു.
അസംഘടിത തൊഴിലാളികളുടെ എണ്ണം ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലേറെയായിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും പിന്തുണയോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് തങ്ങള്‍ക്ക് സ്ഥിര ജോലിയും വേതന വര്‍ധനവും ആവശ്യപ്പെട്ടുകൊണ്ട് ദല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പത്.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍മൂലം മഹാഭൂരിഭാഗം ചെറുകിട വ്യവസായ സംരംഭങ്ങളും പൂട്ടിക്കഴിഞ്ഞു. 35 ശതമാനം തൊഴില്‍ നഷ്ടവും 50 ശതമാനം വരുമാനക്കുറവും ഈയൊരൊറ്റ കാരണം കൊണ്ട് മേഖലയിലുണ്ടായി. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നോട്ടു നിരോധനം കാരണം 2 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നോട്ടു നിരോധനം വന്നതിനുശേഷം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ മേഖയിലുമുള്ള ഉല്പാദനും വിപണനവും നിലച്ചു. കാര്‍ഷിക വിളകളുടെ വില തകര്‍ന്നടിഞ്ഞതും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തീര്‍ത്തും ദുരിതത്തിലാഴ്ത്തി.
ഈയൊരു ആഘാതത്തില്‍ നിന്നും നമ്മുടെ രാജ്യം ഇതുവരെ മുക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോട്ടു നിരോധനത്തിനു മുമ്പുള്ള 10 മാസത്തെ ശരാശരി തൊഴില്‍ ശതമാനം 47 ആയിരുന്നുവെങ്കില്‍ നിരോധനം വന്നതിനു ശേഷം ഇത് 44 ശതമാനമായി കുറയുകയാണുണ്ടായത്. 2016 ഒക്ടോബറില്‍ 46.42 ശതമാനം ഉണ്ടായിരുന്ന നിരക്ക് നവംബറില്‍ 44.81 ശതമാനമായി മാറി. നോട്ടു നിരോധനം ഏര്‍പ്പെടുത്തി കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 44.55 ശതമാനമായും കുറഞ്ഞു.
ഏകദേശം 47 കോടി ജനങ്ങളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നത്. അതുകൊണ്ടു തന്നെ തൊഴില്‍ ലഭ്യത ഒരു ശതമാനം കുറഞ്ഞു എന്നു പറയുമ്പോള്‍ 47 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 12 കോടി ജനങ്ങള്‍ പുതുതായി ജോലി വേണ്ടവരാണ്.
പക്ഷേ ഇത്രയും പേര്‍ക്കുള്ള പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തത് തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈയൊരു അവസ്ഥയെ എങ്ങനെ മറികടക്കണമെന്നതില്‍ പരാജയപ്പെട്ട മോദി സര്‍ക്കാര്‍ വിഷയത്തോട് തീര്‍ത്തും നിസ്സംഗത പുലര്‍ത്തുകയാണ്.