|

ഇന്നത്തെ ദിവസം ഒരു ക്രിക്കറ്റ് ആരാധകനും അങ്ങനെയൊന്നും മറക്കില്ല; ഗെയ്ല്‍ കൊടുങ്കാറ്റിന്റെ അടങ്ങാത്ത അലയൊലികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും ആക്രമണകാരിയായ ക്രിക്കറ്ററാണ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍. കൊടുങ്കാറ്റിന് സമാനമായാണ് പലപ്പോഴും ഗെയ്‌ലിന്റെ ഇന്നിംഗ്‌സ് എതിരാളികളെ കശക്കിയെറിയാറുള്ളത്.

ക്രീസിലെത്തിയതിന് പിന്നാലെ ആദ്യ പന്ത് മുതല്‍ എങ്ങനെ റണ്‍സടിക്കാം എന്ന് ചിന്തിക്കുന്ന ക്രിസ് ഗെയ്ല്‍, ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും തന്റെ ശക്തി വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണോത്സുക ബാറ്റിംഗ് തന്നെയാണ് ഗെയ്‌ലിനെ എന്നും ഫാന്‍ ഫേവറിറ്റാക്കിയിട്ടുള്ളത്. എണ്ണം പറഞ്ഞ പല ഇന്നിംഗ്‌സുകളും താരത്തിന്റെ ബോസ് ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്.

ഐ.പി.എല്ലിലും താരം തന്റെ കരുത്ത് പല തവണ തെളിയിച്ചിട്ടുണ്ട്. അയ്യായിരത്തിനടുത്ത് റണ്‍സാണ് താരം ഐ.പി.എല്ലില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.

താരത്തിന്റെ ഐ.പി.എല്ലിലെ മിക്ക ഇന്നിംഗ്‌സുകളും ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കാറുള്ളത്. അതില്‍ പ്രധാനം പൂനെ വാറിയേഴ്‌സിനെ നിഷ്പ്രഭമാക്കിയ ഗെയ്‌ലിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു.

2013 സീസണിലായിരുന്നു ഗെയ്ല്‍ തന്‍ വിശ്വരൂപം പൂനെയ്‌ക്കെതിരെ പുറത്തെടുത്തത്. കേവലം 66 പന്തില്‍ നിന്നും 175 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു അന്ന് പിറന്നത്. 9 വര്‍ഷത്തിന് മുമ്പ് കൃത്യം ഇതേ ദിവസമായിരുന്നു താരം സ്വപ്‌നനേട്ടം സ്വന്തമാക്കിയത്.

ഗെയ്‌ലിന്റെ പ്രകടനത്തിന് പിന്നാലെ ഒട്ടനവധി റെക്കോഡുകളും അന്നത്തെ മത്സരത്തില്‍ പിറന്നിരുന്നു. ഐ.പി.എല്ലിലെ ഏറ്റവുമയര്‍ന്ന ടീം സ്‌കോര്‍ (263-5) എന്ന റെക്കോഡ് തന്നെയായിരുന്നു ഇതില്‍ പ്രധാനം.

ഏറ്റവുമുയര്‍ന്ന റണ്‍സെന്ന റെക്കോഡിന് പുറമെ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച റെക്കോഡും ഇതേ മത്സരത്തില്‍ നിന്നുമായിരുന്നു പിറന്നത്.

ഇതിന് ശേഷം എത്രയോ ടി-20 സെപ്ഷ്യലിസ്റ്റുകള്‍ വന്നിട്ടും ഗെയ്‌ലിന്റെ സ്‌കോറിനെ ഒന്ന് തൊടാന്‍ പോലും ഒരുത്തനുമായിട്ടില്ല. ഇതുതന്നെയാണ് ഗെയ്‌ലിനെയും ആ ഇന്നിംഗ്‌സിനേയും ഐ.പി.എല്ലില്‍ ഇന്നും സ്‌പെഷ്യലായി ആഘോഷിക്കപ്പെടുന്നത്.

Content Highlight: 9 years to Chris Gayle’s magnificent innings against Pune