| Friday, 20th October 2023, 9:01 am

എന്‍.ഡി.എ സര്‍ക്കാര്‍ 9 വര്‍ഷത്തിനുള്ളില്‍ എഴുതിത്തള്ളിയത് 25 ലക്ഷം കോടി രൂപയുടെ വായ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഒമ്പതു വര്‍ഷങ്ങളിലായി എഴുതിത്തള്ളിയത് 25 ലക്ഷം കോടി രൂപയുടെ വായ്പകള്‍. രണ്ട് യു.പി.എ സര്‍ക്കാരുകളുടെ കാലത്ത് എഴുതിത്തള്ളിയ തുകയേക്കാള്‍ 810 ശതമാനം കൂടുതലാണ് എന്‍.ഡി.എ സര്‍ക്കാരുകള്‍ തള്ളിക്കളഞ്ഞ വായ്പ തുക. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വായ്പ എഴുതിത്തള്ളലായി ഇത് കണക്കാക്കപ്പെടുന്നു.

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ 10.41 ലക്ഷം കോടി രൂപയും ഷെഡ്യൂള്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്കുകള്‍ 14.53 ലക്ഷം കോടി രൂപയുമാണ് എഴുതിത്തള്ളിയത്. ആകെ 24.95 ലക്ഷം കോടി രൂപ എഴുതിത്തള്ളാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ആര്‍.ബി.ഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ക്ക് അനുമതി നല്‍കി.

സൂറത്ത് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സഞ്ജയ് ഈഴാവയുടെ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍. ഇത്രയും വലിയ തുകയുടെ എഴുതിത്തള്ളല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തി.

എന്നാല്‍ വിവരവകാശത്തിനുള്ള മറുപടിയില്‍ തള്ളിക്കളഞ്ഞ തുകയുടെ കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായ്പകളില്‍ വീഴ്ച വരുത്തിയവരുടെ വിശദാംശങ്ങള്‍ ആര്‍.ബി.ഐ പുറത്തു വിട്ടിട്ടില്ല.

25 ലക്ഷം കോടി രൂപ എഴുതിത്തള്ളിയത് വായ്പയെടുത്ത സാധാരണ പൗരന്മാര്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടവിലുള്ള ഭാരം കുറയ്ക്കും. പക്ഷെ ഈ എഴുതിത്തള്ളലിന്റെ പ്രധാന ഗുണഭോക്താക്കള്‍ ഗണ്യമായ തുക കടമെടുത്ത് രാജ്യം വിട്ട വന്‍കിട മുതലാളികളാണ്.

വ്യവസായികള്‍ വന്‍ തുക വിദേശത്തേക്ക് കടത്തുകയാണെന്നും വായ്പ തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപെട്ടതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ പൂര്‍ണ ബോധവാന്മാരാവുകയും ഇടപെടുകയും ചെയ്യുന്നതുവരെ ഇന്ത്യ ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ട്ടം വഹിക്കേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: 9 years of N.D.A government has written off 25 lakh crores

We use cookies to give you the best possible experience. Learn more