|

നിങ്ങളുടെ വീഡിയോ മനോഹരമാക്കാന്‍ 9 ആപ്ലിക്കേഷനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

vido

ഇന്നത്തെ കാലത്ത് സ്മാര്‍ട് ഫോണുകളും ഡിജിറ്റല്‍ ക്യാമറകളും കയ്യിലില്ലാത്തവര്‍ ചുരുക്കമാണ്. അവരെല്ലാവരുംതന്നെ  തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങളെ വീഡിയോ ക്ലിപ്പുകളാക്കി സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ പ്രൊഫഷണലുകളല്ലാത്തത് കൊണ്ടു തന്നെ  ഈ വീഡിയോകള്‍ ഒരു പക്ഷെ സുന്ദരമായിക്കൊള്ളണമെന്നില്ല. അതിന് ചില മിനുക്കുപണികള്‍ ആവശ്യമാണ്. ഇവിടെയിതാ വീഡിയോ മനോഹരമാക്കിയെടുക്കാന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുന്നു

1.വിവ വിഡിയോ

വിവി വിഡിയോ ആപ്ലിക്കേഷന്‍ വഴി നിങ്ങള്‍ക്ക് സ്‌ക്രീന്‍ ക്ലിപ്പുകള്‍ വിഭജിക്കുക, ചെറുതാക്കുക, വീഡിയോകള്‍ തമ്മില്‍ യോജിപ്പിക്കുക, വീഡിയോ ഫില്‍റ്ററുകള്‍ നല്‍കുക. ട്രാന്‍സിഷന്‍ ഇഫക്ടുകള്‍, അനിമേറ്റഡ് സ്റ്റിക്കറുകള്‍, മ്യൂസിക് എന്തിന് ലൈവ് ഡബ്ബിങ്ങ് പോലും സാധിക്കും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന 60 ലൈവ് ഇഫക്ടുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ആ ഇഫക്ടുകളുടെ പ്രിവ്യൂ ഉടന്‍ തന്നെ കാണാനാവുമെന്നതിനാല്‍ എഡിറ്റിങ് കൂടുതല്‍ എളുപ്പത്തിലാകുന്നു. എല്ലാം ചെയ്ത് കഴിഞ്ഞാല്‍ ആ വീഡിയോ ഗാലറിയിലേക്ക് സേവ് ചെയ്യാനും സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ ചെയ്യാനും സാധിക്കുന്നതോടൊപ്പം നേരിട്ട് യൂട്യൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അപ്ലോഡ് ചെയ്യാം.

അതേസമയം ഈ ആപ്ലിക്കേഷന്റെ ഫ്രീ വേര്‍ഷനില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ എഡിറ്റ് ചെയ്യാനാകൂ. പണം നല്‍കി അപ്‌ഗ്രേഡ് ചെയ്താല്‍ വാടര്‍ മാര്‍ക്കില്ലാതെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ എഡിറ്റ് ചെയ്യാനാകും.

2. വീഡിയോ ഷോ

തീമുകള്‍,സൗണ്ട് ഇഫക്റ്റുകള്‍ ഫോണ്ടുകള്‍ എന്നിവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഇതുവഴി ആനിമേറ്റഡ് ഫ്രേമുകള്‍ ചേര്‍ക്കാനും സബ് ടൈറ്റിലുകളും സ്റ്റിക്കറുകളും നല്‍കാനും ട്രാന്‍സിഷന്‍ ഇഫക്ടുകള്‍ ചേര്‍ക്കാനും സാധിക്കും.  ഇതില്‍ ലഭിക്കുന്ന ടൂള്‍ബോക്‌സില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. വീഡിയോ ട്രിം ചെയ്യുക, കണ്‍വേര്‍ട്ട് ചെയ്യുക, താഴ്ന്ന റെസലൂഷനിലേക്ക് കംപ്രസ് ചെയ്യുക തുടങ്ങിയവ ഇതില്‍ പെടും.

3. റിവേഴ്‌സ് മൂവി എഫ്.എക്‌സ്

വീഡിയോ എടുക്കാനും അത് റിവേഴ്‌സ് ആയി പ്ലേ ചെയ്യാനും സാധിക്കുന്ന ലളിതമായ ആപ്ലിക്കേഷനാണ് ഇത്. പലപ്പോഴും തമാശകള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. നിങ്ങള്‍ക്ക് പുതിയ വീഡിയോ എടുക്കാനും നേരത്തെ എഡിറ്റ് ചെയ്ത് വെച്ച വീഡിയോയും ഇതുവഴി എഡിറ്റ് ചെയ്യാം. പശ്ചാത്തല സംഗീതം നല്‍കാനും സാധിക്കും.

4. ലാപ്‌സ് ഇറ്റ്

ചെറിയ ട്രാന്‍സിഷന്‍ സീനുകളിലൂടെ പകലുകള്‍ രാത്രികളായി മാറുന്ന, അല്ലെങ്കില്‍ ദിവസങ്ങളും സമയങ്ങളും മാറുന്ന രംഗങ്ങള്‍ സിനിമകളില്‍ കണ്ടിട്ടില്ലേ    ?
അത് ലാപ്‌സ് ഇറ്റ് വഴി നിങ്ങ്ള്‍ക്ക് ചെയ്യാന്‍ സാധിക്കും. ഓരോ രണ്ട് സെക്കന്റിലും ഈ ആപ്ലിക്കേഷന്‍ വഴി എടുക്കുന്ന ചിത്രങ്ങള്‍ തമ്മില്‍ ചേര്‍ത്താണ് ഈ ഇഫക്ട് കൊണ്ടുവരുന്നത്. ഇതിനായി ഒരു നിശ്ചിത സ്ഥലത്ത് വെച്ച് തന്നെ ചിത്രങ്ങള്‍ എടുക്കുക. ഇതില്‍ പ്ലേ ചെയ്യേണ്ട ഫ്രേമുകളുടെ എണ്ണം നിങ്ങള്‍ക്ക് നിശ്ചയിക്കാം.

ലാപ്‌സ് ഇറ്റിന്റെ ഫ്രീ വേര്‍ഷനില്‍ 480 പിക്‌സല്‍ ചിത്രങ്ങളെടുക്കാം. എച്ച്.ഡി വീഡിയോകള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് പ്രോ വേര്‍ഷന്‍ വാങ്ങാം.

5. വീഡിയോ ട്രിമ്മര്‍ ഗുരു

വാട്‌സാപ്പിലും സ്‌നാപ്് ചാറ്റിലുമെല്ലാം ഷെയര്‍ ചെയ്യാന്‍ സാധിക്കും വിധം വീഡിയോ സൈസ് വെട്ടിക്കുറയ്ക്കാനും ഈ ആപ്ലിക്കേഷന്‍ വഴിസാധിക്കും. ഇതിനായി ഗാലറിയില്‍ നിന്ന് വീഡിയോ തെരഞ്ഞെടുക്കാനും പുതിയ വീഡിയോ എടുക്കുകയും ചെയ്യാം. അതിനു ശേഷം വിഡിയോ ട്രിം ചെയ്യാം. ഹൈ, മീഡിയം ലോ, കസ്റ്റം ക്വാളിറ്റികള്‍ തെരഞ്ഞെടുത്ത് റസലൂഷന്‍ കുറയ്ക്കുകയും ചെയ്യാം.

6. വീഡിയോ ഡയറ്റര്‍ 2

ഈ ആപ്ലിക്കേഷനും സോഷ്യല്‍ മീഡിയകളില്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനാകും വിധത്തില്‍ വീഡിയോ റസലൂഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ടൈം ലാപ്‌സ് , സ്ലോമോഷന്‍, സൗകര്യങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ മൂന്ന് പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മാത്രമേ ഈ സൗകര്യങ്ങള്‍ ലഭിക്കൂ.

7. ജിഫ് മീ

വീഡിയോയുടെ സൈസ് കുറയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. വീഡിയോയില്‍ നിന്നും 14 സെക്കന്റ് വരെ കാപ്ച്ചര്‍ ചെയ്‌തെടുക്കാനും കളര്‍ ഫില്‍റ്ററുകളും സ്റ്റിക്കറും ടെക്സ്റ്റും ഉപയോഗിത്ത് ജിഫ് ഫയല്‍ ആയി സേവ് ചെയ്യാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും.

8. വൈക്ലോണ്‍

ഏറെ വ്യത്യസ്തമായൊരു വീഡിയോ ആപ്ലിക്കേഷനാണ് വൈക്ലോണ്‍(Vyclone). വലിയ ഉത്സവങ്ങളുടെയൊക്കെ മികച്ച വീഡിയോ എഡിറ്റ് ചെയ്‌തെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഈ ആപ്ലിക്കേഷന്‍ വഴി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്‌തെടുക്കാം. അത് ഓട്ടോമാറ്റിക്കായി സെര്‍വ്വറില്‍ അപ്ലോഡ് ആവുന്നു.

ഇത് പിന്നീട് അതേസ്ഥലത്ത് നിന്നും ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മറ്റാരെങ്കിലും എടുത്ത വീഡിയോകളുമായി കൂട്ടിച്ചേര്‍ക്കപ്പെടുകയും വ്യത്യസ്ത ആംഗിളുകളിലുള്ള വീഡിയോകള്‍ ലഭിക്കുകയും ചെയ്യും. ഇത് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താം.

9. ഷോട്ട് ക്ലിപ്പ്

ഒരു പ്രത്യേക പരിപാടി, അതായത് പിറന്നാളാഘോഷം, ബീച്ചില്‍ ചെലവിട്ട നിമിഷങ്ങള്‍, തുടങ്ങിയ സമയങ്ങളില്‍ ഉപയോഗപ്രദമാണ് ഈ വീഡിയോ. ഈ ദിവസം ഷോട്ക്ലിപ്പിന്റെ ഉപയോഗ്താക്കളായ കൂട്ടുകാര്‍ എടുത്ത വീഡിയോകള്‍ സെര്‍വ്വറില്‍ അപ്ലോഡ് ചെയ്യപ്പെടുകയും അത് റെന്‍ഡര്‍ ചെയ്ത് ഫൈനല്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഈമെയിലില്‍ ലഭിക്കുകയും ചെയ്യും.

പ്രത്യേക ടെംപ്ലേറ്റുകള്‍ ഈ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്. ഇനി ഇവ ആവശ്യമില്ലെങ്കില്‍ നിങ്ങളുടെ തന്നെ സൃഷ്ടികളും ഉപയോഗിക്കാം.