എ.പി.എല്‍ കുടുംബങ്ങള്‍ക്കും സബ്‌സിഡിയില്‍ ഒമ്പത് സിലിണ്ടര്‍
Kerala
എ.പി.എല്‍ കുടുംബങ്ങള്‍ക്കും സബ്‌സിഡിയില്‍ ഒമ്പത് സിലിണ്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th October 2012, 12:45 am

തിരുവനന്തപുരം: വര്‍ഷത്തില്‍ ഒന്‍പത് പാചക വാതക സിലിണ്ടര്‍ എ.പി.എല്‍, ബി.പി.എല്‍ വിത്യാതസമില്ലാതെ സബ്‌സിഡിയോടെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സബ്‌സിഡി ആറ് സിലിണ്ടറിന് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയതോടെ നേരത്തെ ബി.പി.എല്‍ വിഭാഗത്തിന് മാത്രം ഒമ്പത് സിലിണ്ടര്‍ സബ്‌സിഡിയോടെ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. യു.ഡി.എഫിന്റെ ശുപാര്‍ശ പരിഗണിച്ചാണ് എല്ലാ വിഭാഗങ്ങള്‍ക്കും പരമാവധി ഒമ്പത് സിലിണ്ടര്‍ വരെ സബ്‌സിഡി നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.[]

പാചകവാതകത്തിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കിയാല്‍ സംസ്ഥാനത്തിന് വര്‍ഷം 120 കോടിയുടെ അധിക ബാധ്യതയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇനി ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന് ആനുപാതികമായ എണ്ണം സിലിണ്ടറുകള്‍ ലഭിക്കും. എണ്ണക്കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ സര്‍ക്കാറിന് 163 കോടിരൂപവരെ അധികം കണ്ടെത്തേണ്ടിവരും. ഒറ്റ കണക്ഷന്‍ എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വീട്ടില്‍ ഒരു കണക്ഷനേ അനുവദിക്കൂ. പെട്രോളിയം കമ്പനികളുമായി ആലോചിച്ച് സബ്‌സിഡി നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കും. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ സംബന്ധിച്ച് തര്‍ക്കം വന്നാല്‍ വൈദ്യുതി കണക്ഷന്‍ തെളിവായി എടുക്കും. പുതിയ കണക്ഷനുകള്‍ക്കും ഇത് ബാധകമായിരിക്കും.