ടി-20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച സമയത്ത് തന്നെയാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കായി മൂന്ന് വീതം ഐ.സി.സി കിരീടങ്ങള്‍ നേടിയാണ് ഇരുവരും പടിയിറങ്ങുന്നത്.
എന്നാല്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും മാത്രമല്ല, ഇവരടക്കം ഒമ്പത് താരങ്ങളാണ് അന്താരാഷ്ട്ര ടി-20യോട് വിടപറഞ്ഞത്.
വിരാട് കോഹ്‌ലി
ഫൈനലിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വിരാട് അന്താരാഷ്ട്ര ടി-20യില്‍ നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. 2014 ടി-20 ലോകകപ്പ് ഫൈനലില്‍ കളിയുടെ താരമായതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച കുമാര്‍ സംഗക്കാരക്ക് ശേഷം ഇതാദ്യമായാണ് ഒരു താരം കലാശപ്പോരാട്ടത്തില്‍ പി.ഒ.ടി.എം നേടി ഫോര്‍മാറ്റിനോട് വിടപറയുന്നത്.
ടി-20ഐയില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമായി റെക്കോഡിട്ട വിരാട് റണ്‍ വേട്ടയില്‍ രോഹിത്തിന് കീഴില്‍ രണ്ടാം സ്ഥാനക്കാരനായാണ് ഇപ്പോള്‍ കരിയര്‍ അവസാനിപ്പിക്കുന്നത്.
രോഹിത് ശര്‍മ
2007ന് ശേഷം ഇന്ത്യയെ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരാക്കിയാണ് രോഹിത് പടിയിറങ്ങുന്നത്. ലോകകപ്പിനൊപ്പം തന്നെ പല റെക്കോഡുകളും കീശയിലാക്കിയാണ് ഹിറ്റ്മാന്‍ ടി-20 കരിയറിനോട് വിടപറയുന്നത്. നിലവില്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയതും രോഹിത് തന്നെയാണ്.
‘ടി-20യില്‍ നിന്നും വിരമിക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എനിക്ക് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞാന്‍ കരുതി. കിരീടം നേടിക്കൊണ്ട് വിട പറയുന്നത് വളരെ മികച്ചതാണ്,’ എന്നാണ് വിരമിക്കലിന് പിന്നാലെ രോഹിത് പറഞ്ഞത്.
ഡേവിഡ് വാര്‍ണര്‍
ഓസ്‌ട്രേലിയ പ്രൊഡ്യൂസ് ചെയ്ത ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരില്‍ പ്രധാനിയാണ് ഡേവിഡ് വാര്‍ണര്‍. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയ സെമി ഫൈനലിന് യോഗ്യത നേടാതെ പോയതോടെയാണ് വാര്‍ണറും പാഡഴിച്ചത്. വിരാടിനെയും രോഹിത്തിനെയും പോലെ ടി-20 ഫോര്‍മാറ്റില്‍ നിന്ന് മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്നെയാണ് ആരാധകര്‍ സ്‌നേഹത്തോടെ ദി ബുള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വാര്‍ണറിന്റെ പടിയിറക്കം.
2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും 2023 ഏകദിന ലോകകപ്പ് സ്വന്തമാക്കി ഒ.ഡി.ഐ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ വാര്‍ണറിന് എന്നാല്‍ ടി-20 ലോകകപ്പ് കിരീടമണിഞ്ഞ് കുട്ടിക്രിക്കറ്റില്‍ നിന്നും പടയിറങ്ങാന്‍ സാധിച്ചില്ല. 110 അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും 3,277 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
മഹ്‌മദുള്ള
ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാന പേരുകാരില്‍ ഒരാളായ മഹ്‌മദുള്ളയും ഈ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട പറയുകയാണ്. ഷാകിബ് അല്‍ ഹസന്‍ കഴിഞ്ഞാല്‍ ബംഗ്ലാ കടുവകള്‍ക്കായി ഏറ്റവുമധികം ലോകകപ്പ് കളിച്ചതും മഹ്‌മദുള്ളയാണ്, പക്ഷേ ടീമിനെ കിരീടം ചൂടിക്കാന്‍ മാത്രം താരത്തിന് സാധിച്ചിരുന്നില്ല.
ടി-20ഐ കരിയറില്‍ കളിച്ച 138 മത്സരത്തില്‍ നിന്നും 2,394 റണ്‍സ് നേടിയ താരം, 40 വിക്കറ്റും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
ട്രെന്റ് ബോള്‍ട്ട്
ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ട്രെന്റ് ബോള്‍ട്ടും ഈ ലോകകപ്പോടെ പടിയിറങ്ങുകയാണ്. ന്യൂസിലാന്‍ഡ് സൂപ്പര്‍ 8ന് യോഗ്യത നേടാതെ പോയതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബോള്‍ട്ടിന്റെ യാത്രയും അവസാനിച്ചിരുന്നു. പപ്പുവ ന്യൂ ഗിനിക്കെതിരെയാണ് താരം അവസാന അന്താരാഷ്ട്ര ടി-20 കളിച്ചത്. കിവീസിനായി 61 മത്സരത്തില്‍ നിന്നും 83 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജ
രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കുമൊപ്പം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും കുട്ടി ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നു. ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി തന്നെയാണ് ജഡ്ഡു പടിയിറങ്ങുന്നത്.
74 മത്സരത്തില്‍ നിന്നും 515 റണ്‍സും 54 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം ടി-20ഐയില്‍ 500+ റണ്‍സും 50+ വിക്കറ്റുമുള്ള ചുരുക്കം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ജഡേജ.
ഡേവിഡ് വീസി
നമീബിയന്‍ ഇതിഹാസ താരം ഡേവിഡ് വീസിയും ഈ ലോകകപ്പില്‍ തന്റെ അവസാന അന്ത്രാരാഷ്ട്ര മത്സരം കളിച്ച് പടിയിറങ്ങിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് താരം അവസാന മത്സരം കളിച്ചത്.
54 തവണ അന്താരാഷ്ട്ര ടി-20യില്‍ ജേഴ്‌സിയിണിഞ്ഞ താരം 624 റണ്‍സും 59 വിക്കറ്റും തന്റെ പേരില്‍ കുറിച്ചിരുന്നു.
സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട്
നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടും ഈ ലോകകപ്പോടെ പടിയിറങ്ങിയിരിക്കുകയാണ്. ശ്രീലങ്കക്കെതിരെയാണ് താരം അവസാന മത്സരം കളിച്ചത്. ഓറഞ്ച് ആര്‍മിക്കായി 12 ടി-20ഐ മത്സരം കളിച്ച എന്‍ഗല്‍ബ്രെക്ട് 31.11 ശരാശരിയില്‍ 280 റണ്‍സാണ് നേടിയത്.
ബ്രയാന്‍ മസാബ
ഉഗാണ്ടന്‍ നായകന്‍ ബ്രയാന്‍ മസാബയാണ് വിരമിക്കല്‍ പ്രഖ്യാപിച്ച മറ്റൊരു താരം. ചരിത്രത്തിലാദ്യമായി ഉഗാണ്ട ലോകകപ്പ് കളിച്ചപ്പോള്‍ ടീമിന്റെ അമരത്ത് മസാബയുണ്ടായിരുന്നു. പക്ഷേ ആഫ്രിക്കന്‍ ക്വാളിഫയറില്‍ പുലര്‍ത്തിയ മികവ് ഇവര്‍ക്ക് ലോകകപ്പില്‍ തുടരാന്‍ സാധിച്ചില്ല.
ടീമിനായി 61 മത്സരം കളിച്ച താരം 437 റണ്‍സും 23 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഡേവിഡ് മില്ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് മില്ലറും രംഗത്തെത്തി.
താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇനിയും ടീമിന് വേണ്ടി കളിക്കുമെന്നും താരം വ്യക്തമാക്കി.
Content highlight: 9 Players retired from T20 after 2024 World Cup