| Thursday, 13th April 2023, 9:45 am

30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടിപതികള്‍; മമതയുടെ സമ്പാദ്യം 15 ലക്ഷം, പിണറായി വിജയന് 1 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടിപതികളെന്ന് റിപ്പോര്‍ട്ട്. ഒരാളുടെ സമ്പാദ്യം മാത്രമാണ് ഒരു കോടിയില്‍ താഴെയുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഒരു കോടിയില്‍ താഴെ സ്വത്ത് സമ്പാദ്യമുള്ള ഏക മുഖ്യമന്ത്രി. 15 ലക്ഷം രൂപയാണ് മമതയുടെ ആസ്തി.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് കൂട്ടത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 510 കോടി രൂപയുടെ ആസ്തിയാണ് ജഗന്‍ മോഹനുള്ളത്. 163 കോടി രൂപയുടെ സ്വത്തുക്കളുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രണ്ടാം സ്ഥാനത്ത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് മൂന്നാം സ്ഥാനത്ത്. 63 കോടി രൂപയാണ് പട്‌നായിക്കിന്റെ സമ്പാദ്യം.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മൂന്ന് കോടി രൂപയുടെ സ്വത്ത് സമ്പാദ്യങ്ങളാണുള്ളത്.

28 സംസ്ഥാനങ്ങളിലെയും ദല്‍ഹി, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പഠനം നടത്തിയത്.

മമത ബാനര്‍ജി കഴിഞ്ഞാല്‍ കുറഞ്ഞ സമ്പാദ്യമുള്ളത് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമാണ്. ഒരു കോടി രൂപയാണ് ഇരുവരുടെയും സമ്പാദ്യം.

മുഖ്യമന്ത്രിമാരില്‍ 43 ശതമാനം പേര്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍ എന്നിവ ഉള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: 29 out of 30 chief ministers are crorepatis in india

We use cookies to give you the best possible experience. Learn more