ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരിക്ക്
national news
ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 10:44 am

മുംബൈ: ദീപാവലി തിരക്കിനിടയിൽ മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാനുള്ള തിരക്കിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർക്ക് പരിക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബാന്ദ്ര ടെർമിനൽസിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ 22921 ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസിൽ കയറാനുള്ള തിരക്കിനിടയിൽ പുലർച്ചെ 5.56 നാണ് സംഭവം നടന്നതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ എല്ലാവരെയും ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപാവലി അവധിയായതിനാൽ തിരക്ക് കൂടിയതിനെ തുടർന്നാണ് സംഭവം.

ഇതിൽ ഏഴു പേരുടെ നില തൃപ്തികരവും രണ്ടു പേരുടെ പരിക്ക് ഗുരുതരവുമാണ്. സംഭവത്തിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ പൊലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് തറയിൽ വീഴുന്നതും രക്തം വരുന്നതും പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒരു റെയിൽവേ പോലീസുകാരൻ പരിക്കേറ്റ യാത്രക്കാരനെ തോളിലിൽ കയറ്റി ആംബുലൻസിനടുത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണിക്കുന്നു. വസ്ത്രത്തിൽ രക്തക്കറയുമായി രണ്ട് പുരുഷന്മാർ തറയിൽ കിടക്കുന്നത് മറ്റൊരു വീഡിയോയിൽ കാണാം. ഒരു യാത്രക്കാരൻ്റെ നട്ടെല്ലിന് പൊട്ടലും ഏതാനും യാത്രക്കാരുടെ കാലിന് പൊട്ടലും ഉണ്ടായി. അതേസമയം, പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

ഷബീർ അബ്ദുൾ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കയ് (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഷരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18) എന്നിവർക്കാണ് പരിക്കേറ്റത്.

 

Content Highlight: 9 injured in stampede at Bandra railway station