തിരുച്ചി: തമിഴ്‌നാട് തിരുച്ചിയില്‍ ദളിതര്‍ താമസിക്കുന്ന ഇടവും സവര്‍ണ ജാതിക്കാരുടെ കൃഷിഭൂമിയും തമ്മില്‍ വേര്‍തിരിക്കുന്ന ജാതിമതില്‍ കെട്ടിയതില്‍ പ്രതിഷേധം. ഇരു ജാതിയിലുള്ളവരെ വേര്‍തിരിക്കുന്ന ജാതിമതിലിനെതിരെ സി.പി.ഐ.എം. പ്രതിഷേധം ശക്തമാക്കി.
സിമന്റും ഇഷ്ടികയും ഉപയോഗിച്ചാണ് ഒമ്പതടി ഉയരത്തിലും 150 അടി നീളത്തിലും മതില്‍ പണിതത്. രാജീവ് ഗാന്ധി നഗറിലെ കല്‍ കണ്ടാര്‍ക്കോട്ടൈയിലാണ് സംഭവം.
പ്രദേശത്ത് 12 തെരുവുകളിലായി 300ഓളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കര്‍ഷക തൊഴിലാളികളായ ഇവര്‍ ഉയര്‍ന്ന ജാതിക്കാരുടെ കൃഷിയിടങ്ങളിലാണ് അടുത്ത കാലം വരെ പണിയെടുത്തിരുന്നത്.
പൊതുവഴി അടച്ച് ജനങ്ങളെ ജാതീയമായി പുറത്താക്കുന്ന മതില്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നല്‍കിയെങ്കിലും നപടി ഉണ്ടായില്ലെന്നാണ് സി.പി.ഐ.എം. പൊന്മല ഏരിയാ കമ്മിറ്റി എന്‍. കാര്‍ത്തികേയന്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ നേരത്തെയും ഇത്തരത്തില്‍ ജാതിമതിലുകള്‍ പണിതതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. മധുര ഉത്തപുരം ഗ്രാമത്തില്‍ നിലനിന്ന അയിത്തച്ചുവരിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പ്രദേശത്ത് 2008ല്‍ പ്രകാശ് കാരാട്ട് സന്ദര്‍ശിക്കുകയും 600 മീറ്റര്‍ ദൂരത്തില്‍ കെട്ടിയ മതിലിന്റെ 12 അടി വരുന്ന ഭാഗം ഇടിച്ചു തകര്‍ത്തിരുന്നു. എന്നാല്‍ ദളിതര്‍ക്ക് പ്രദേശത്തെ മുത്താലമ്മന്‍ കോവിലില്‍ പ്രവേശനം ലഭിക്കാന്‍ ദളിതര്‍ക്ക് 2011 വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
ഈ പ്രദേശത്ത് ഇതിന് ശേഷവും ജാതി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.