ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായതായി റിപ്പോര്‍ട്ട്. ന്യൂസ് 18-നും ടൈംസ് ഓഫ് ഇന്ത്യയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
ബിജ്‌നോര്‍, സംഭാല്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പുര്‍, വാരാണസി എന്നിവിടങ്ങളിലാണു മരണം സംഭവിച്ചിരിക്കുന്നത്.
നേരത്തേ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അതൊന്നും പൊലീസ് വെടിവെപ്പില്‍ ഉണ്ടായതല്ലെന്നായിരുന്നു ഡി.ജി.പി ഒ.പി സിങ്ങിന്റെ അവകാശവാദം.
നിലവില്‍ ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ദല്‍ഹി ജുമഅ മസ്ജിദില്‍ പൊലീസിനെ വിറപ്പിച്ച പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയിലായി.
ആസാദിനെ വിട്ടുതരില്ലെന്നു പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ അണിനിരന്നെങ്കിലും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് പോകാന്‍ തയ്യാറായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തേ കസ്റ്റഡിയിലെടുത്ത നാല്‍പ്പതോളം പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ജുമഅ പരിസരത്തു നടന്നത്. കസ്റ്റഡിയിലെടുത്ത നാല്‍പ്പതോളം പേരില്‍ എട്ടോളം പേര്‍ കുട്ടികളാണ്. മാതാപിതാക്കളെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണമെന്നും മജിസ്ട്രേറ്റ് പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചിത്രം: വാരാണസിയിലെ പ്രതിഷേധത്തില്‍ നിന്നുള്ളത്. കടപ്പാട്- പി.ടി.ഐ