ബെംഗളൂരു: കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ കാണാനെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അറസ്റ്റിലായതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കൂടി അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. നേതാക്കളായ സച്ചിന്‍ യാദവ്, കാന്തിലാല്‍ ഭൂരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ദിഗ്‌വിജയ്‌സിങ്ങിനെ എത്തിച്ച അമൃതഹള്ളി പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവായ സജ്ഞന്‍ സിങ് വര്‍മ എന്നിവര്‍ കുത്തിയിരിപ്പു സമരം നടത്തുന്നുണ്ട്.
അതേസമയം പൊലീസ് സ്റ്റേഷനിലും താന്‍ നിരാഹാരസമരം തുടരുകയാണെന്ന് ദിഗ്‌വിജയ് സിങ് അറിയിച്ചു.
ഇന്ന് രാവിലെയാണ് തന്നെ എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങ്ങിനെ കര്‍ണാടക പൊലീസ് വിലക്കിയത്. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അതേസമയം കര്‍ണാടകയില്‍ ബി.ജെ.പി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. ഈ അവസ്ഥയെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഒറ്റയ്ക്കല്ല. ഞാന്‍ ഇവിടെയുണ്ട്. എനിക്കറിയാം അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന്. പക്ഷേ, ഇവിടെ ക്രമസമാധാനം തകര്‍ക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല’, ശിവകുമാര്‍ പറഞ്ഞു.
ബെംഗളൂരുവില്‍ എം.എല്‍.എമാരെ ബി.ജെ.പി ബന്ദിയിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
അതേസമയം, മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശമെങ്കിലും സഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ