| Wednesday, 23rd September 2020, 10:24 pm

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ലോക്ഡൗണ്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രിമാരോട് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊവിഡ് രൂക്ഷമായ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി വിര്‍ച്വല്‍ മീറ്റിംഗ് ചേര്‍ന്നത്.

ഒന്നോ രണ്ടോ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഫലപ്രദമാവുമോ എന്ന് പരിശോധിക്കണമെന്ന് വിര്‍ച്വല്‍ മീറ്റിംഗില്‍ മോദി ആവശ്യപ്പെട്ടു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് കൊവിഡ് വ്യാപനത്തെ ചെറുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. പരിശോധന, ചികിത്സ, നിരീക്ഷണം എന്നിവ പ്രധാനമാണെന്നും മോദി പറഞ്ഞു.

‘ രാജ്യത്ത് 700 ലധികം ജില്ലകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകള്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നത്. ജില്ല, ബ്ലോക്ക് തലത്തിലുള്ള ആളുകളുമായി ഏഴ് ദിവസത്തേക്ക് വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്താന്‍ ഞാന്‍ മുഖ്യമന്ത്രിമാരോട് നിര്‍ദ്ദേശിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളില്‍ 63 ശതമാനവും ആകെ കൊവിഡ് മരണങ്ങളില്‍ 77 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,029 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 479 പേര്‍ മരിക്കുകയും ചെയ്തു. 12,63,799 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 273,477 സജീവ കേസുകളുണ്ട്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7228 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിക്കുകയും 8291 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു. കര്‍ണാടകയില്‍ 6997 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more