| Thursday, 4th April 2019, 10:03 am

നോട്ട് നിരോധിച്ച വര്‍ഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ട്; പൊളിഞ്ഞത് നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന കേന്ദ്ര വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന് കണക്കുകള്‍. നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇതിനു വിരുദ്ധമായുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ല്‍ ഏകദേശം 88 ലക്ഷം ആളുകള്‍ നികുതി അടക്കുന്നത് നിര്‍ത്തിയെന്ന കണക്കുകളാണ് പുറത്ത് വന്നത്. മുമ്പ് റിട്ടേണ്‍ നല്‍കിയവരില്‍ 88 ലക്ഷം പേര്‍ 2016ല്‍ റിട്ടേണ്‍ നല്‍കിയില്ലെന്നാണ് ഇന്ത്യന്‍ എകസ്പ്രസ് പുറത്ത് വിട്ട കണക്കുകളിലുള്ളത്.


2015-16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം മാത്രമായിരുന്നു. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ല്‍ മാത്രമാണ് ഇതില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.

നോട്ട് നിരോധനം കാരണം സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ച മൂലം പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളുണ്ട്.

അതേസമയം, വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ പ്രത്യക്ഷ നികുതി വകുപ്പ് തയ്യാറായിട്ടില്ല.നരേന്ദ്രമോദി സര്‍ക്കാറിന്റെ സുപ്രധാന പരിഷ്
കാരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പ്രതികൂട്ടിലാക്കുന്ന പല റിപ്പോര്‍ട്ടുകളും നേരത്തെയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്ത് വരുന്നത്.

നോട്ടു നിരോധനത്തിന്റെ പരിണിതഫലമായി സേവനമേഖലയിലെ ലാഭത്തില്‍ 114.5 ശതമാനം നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2017 അഗസ്റ്റ് 11ാം തിയ്യതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടായിരുന്നു പുറത്ത് വന്നത്.


2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലെ കമ്പനികളില്‍ നിന്ന് ശേഖരിച്ച് വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. 500 മില്ല്യണില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കമ്പനികളെയാണ് നഷ്ടം കൂടുതല്‍ ബാധിച്ചത്. 2015-2016 സാമ്പത്തിക വര്‍ഷം നെഗറ്റീവ് 19 ശതമാനമായിരുന്ന വളര്‍ച്ച നിരക്ക് 2016-2017 സാമ്പത്തിക വര്‍ഷം നെഗറ്റീവ് 53.6 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more