| Thursday, 8th October 2020, 11:55 pm

കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി: റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടെന്ന വാര്‍ത്ത തള്ളി പി.ടി തോമസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. സംഭവസ്ഥലത്തുണ്ടായിരുന്ന എം.എല്‍.എ താനായിരുന്നെന്നും എന്നാല്‍ സ്ഥലത്തു നിന്ന് താന്‍ ഓടി രക്ഷപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്നും പി.ടി തോമസ് എം.എല്‍.എ പ്രതികരിച്ചു.

തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കായാണ് താന്‍ സ്ഥലത്തു പോയത്. എന്നാല്‍ അവിടെ നിന്നും മടങ്ങുന്ന വഴി ചിലര്‍ പോകുന്നത് കണ്ടിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥരായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത് എന്ന് പി.ടി തോമസ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കള്ളപ്പണമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പണമിടപാട് സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടിരക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം.എല്‍.എയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്. കുപ്പി എന്ന പേരില്‍ എറണാകുളത്ത് അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനൊപ്പമാണ് എം.എല്‍.എ എത്തിയത്. അഞ്ചുമനയിലെ ഭൂമിക്കു തന്നെയാണ് ഇവര്‍ കരാര്‍ ഉറപ്പിച്ചത്. ഇതേ പറ്റി രഹസ്യവിവരം ലഭിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ എം.എല്‍.എ മറ്റൊരു വഴിയിലൂടെ ഇറങ്ങി ഓടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികള്‍ വിലവരുന്ന ഭൂമി എം.എല്‍.എ ഇടപെട്ടാണ് 88 ലക്ഷം രൂപയുടെ കരാറിലെത്തിച്ചതെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more