ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ 88 അക്രമ സംഭവങ്ങളുണ്ടായതായി ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഔദ്യോഗിക സ്ഥിരീകരണം. വിവിധ കേസുകളിലായി 70 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലത്തെ ഉദ്ധരിച്ച് കൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമ സംഭവങ്ങളെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അപലപിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് 5നും ഒക്ടോബര്‍ 22നും ഇടയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ 88 അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ഷഫീഖുല്‍ ആലം മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. വടക്കുകിഴക്കന്‍ സുനംഗഞ്ച്, സെന്‍ട്രല്‍ ഗാസിപൂര്‍, രാജ്യത്തിന്റെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമ സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നതിനാല്‍ കേസുകളുടെയും അറസ്റ്റിലാകുന്നവരുടെയും എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആക്രമണത്തിന് ഇരകളാക്കപ്പെട്ടവര്‍ ഷെയ്ഖ് ഹസീനയുടെ ഭരണത്തെ പിന്തുണച്ചിരുന്നവരാകാമെന്നും ചില സംഭവങ്ങളിലൊഴികെ ഹിന്ദുക്കള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഷെഫീഖുല്‍ ആലം പറയുന്നു. വ്യക്തിപരമായ തര്‍ക്കങ്ങളില്‍ നിന്നാണ് ആക്രമണങ്ങള്‍ ഉടലെടുക്കുന്നതെന്നും എന്നിരുന്നാലും പൊലീസ് അവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 22 വരെയുള്ള ആക്രമണങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്നും അതിന് ശേഷമുള്ളത് ഉടന്‍ തന്നെ പുറത്തറിയിക്കുമെന്നും ഷെഫീഖുല്‍ ആലം പറഞ്ഞു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ ഇന്ത്യ കടുത്ത പ്രതിഷേധവും ആശങ്കയും അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയത് ബംഗ്ലാദേശിനെയും ചൊടിപ്പിച്ചിരുന്നു.
ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് കൊണ്ട് നിലവിലെ ബംഗ്ലാദേശ് സര്‍ക്കാറിനെതിരെ പ്രസ്താവനകള്‍ നടത്തുന്നതിനെ ബംഗ്ലാദേശ് വിമര്‍ശിച്ചിരുന്നു. അപ്രകാരം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇന്ത്യയും പ്രതിഷേധം അറിയിച്ചിരുന്നു.
content highlights: 88 incidents of violence against minorities in Bangladesh; 70 people were arrested; Report