കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ബാഹുല്‍ രമേശിന്റെ രചനയില്‍ പുറത്തിറങ്ങിയ
കിഷ്‌കിന്ധാ കാണ്ഡം കേരളത്തിനും, കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രേഖാചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.
ഇപ്പോള്‍ തുടരെ പരാജയ ചിത്രങ്ങള്‍ വന്നപ്പോള്‍ തനിക്കുണ്ടായ മാനസീകാവസ്ഥയെ കുറിച്ചും നല്ല സിനിമയുടെ ഭാഗമാകാന്‍ പറ്റാത്തതിലുള്ള വിഷമത്തെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി.
ഒരു സമയത്ത് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ തനിക്ക് ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടെന്നും തനിക്കു മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. എന്നാല്‍ അങ്ങനെയുള്ള തോന്നലുകളാണ് തനിക്ക് മുമ്പോട്ട് പോകാനുള്ള അവേശം തന്നതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ജിന്‍ജര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല സിനിമകളുടെ ഭാഗമാകാന്‍ പറ്റുന്നില്ലെന്നുള്ള വിഷമം ഒരിടക്ക് പല സമയത്തും എനിക്കുണ്ടായിരുന്നു. തുടരെ തുടരെ മോശം സിനിമകളുടെ ഭാഗമായിരുന്ന സമയത്ത് എനിക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തീര്‍ച്ചയായും എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള തോന്നലുകളാണ് മുന്നോട്ട് പോകാനുളള ഒരു ആവേശം തരുന്നത്.
അങ്ങനെയുള്ള സമയങ്ങള്‍ ഉണ്ടായതു കൊണ്ടാണ് എവിടെയാണ് തെറ്റ് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് തോന്നിയത്. സിനിമകളില്‍ എവിടെയാണ് ഇനി ഞാന്‍ മെച്ചപ്പെടുത്തേണ്ടത് എന്നൊക്കെ ഞാന്‍ അന്വേഷിച്ച് തുടങ്ങിയത് അത്തരം സാഹചര്യങ്ങള്‍ ഉണ്ടായത് കൊണ്ടാണ്. തീര്‍ച്ചയായും അതുണ്ടായിട്ടുണ്ട്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali talks about his condition after some flopped movies