| Friday, 21st June 2024, 11:15 am

ഫിസിക്‌സില്‍ 85, കെമിസ്ട്രിയില്‍ അഞ്ച്; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പുറത്ത്. എന്‍.ഡി.ടി.വിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയ നാല് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പുറത്തുവിട്ടത്.

അഞ്ച് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അനുരാഗ് യാദവ് എന്ന വിദ്യാര്‍ത്ഥിക്ക് 720ല്‍ 185 മാര്‍ക്കാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നല്‍കിയത്. ആകെ നേടിയ മാര്‍ക്കിന്റെ ശരാശരി 54.84 ആണെങ്കിലും ഓരോ വിഷയങ്ങളിലും നേടിയ മാര്‍ക്കുകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

ഫിസിക്‌സില്‍ 85.8 ശതമാനവും ബയോളജിയില്‍ 51 ശതമാനവും മാര്‍ക്കാണ് അനുരാഗ് നേടിയത്. എന്നാല്‍ കെമിസ്ട്രിയില്‍ അദ്ദേഹത്തിന് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

നേരത്തെ നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ തനിക്ക് ചോദ്യപേപ്പര്‍ കിട്ടിയെന്ന് അനുരാഗ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ പ്രകാരം ഉത്തരങ്ങള്‍ മനപ്പാടമാക്കാന്‍ വേണ്ടത്ര സമയം ലഭിച്ചെന്നും അനുരാഗ് പറഞ്ഞിരുന്നു.
അനുരാഗിന്റെ അഖിലേന്ത്യാ റാങ്ക് 10,51,525ഉം ഒ.ബി.സി റാങ്ക് 4,67,824 ഉം ആണ്.

അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നിവരുള്‍പ്പടെ നാല് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടതായി കേസില്‍ അറസ്റ്റിലായ സിക്കന്ദര്‍ യാദവേന്ദു പൊലീസിനോട് പറഞ്ഞിരുന്നു. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 30 മുതല്‍ 32 ലക്ഷം രൂപ വരെയാണ് ചോദ്യപേപ്പറിന് ഇവര്‍ വിലയിട്ടത്. പിന്നീട് ചോദ്യപേപ്പറിന് 40 ലക്ഷം രൂപ താന്‍ ആവശ്യപ്പെട്ടെന്നും സിക്കന്ദര്‍ യാദവേന്ദു അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു.

അറസ്റ്റിലായവരില്‍ ഒരു വിദ്യാര്‍ത്ഥി 720ല്‍ 300 മാര്‍ക്കാണ് സ്‌കോര്‍ ചെയ്തത്. ഒരാള്‍ 720ല്‍ 581ഉം മറ്റൊരാള്‍ 483മാണ് സ്‌കോര്‍ ചെയ്തത്.

എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ അഖിലേന്ത്യാ പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രഖ്യാപിച്ചത്. പിന്നാലെ നിരവധി ക്രമക്കേടുകളാണ് പുറത്തുവന്നത്.

പരീക്ഷ എഴുതിയ 67 വിദ്യാര്‍ത്ഥികള്‍ 720ല്‍ 720 മാര്‍ക്ക് നേടിയിട്ടുണ്ട്. അവരില്‍ ആറ് പേര്‍ ഹരിയാനയിലെ ഒരേ കേന്ദ്രത്തില്‍ നിന്നുള്ളവരാണ്.

നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ നാലുപേരില്‍ ഉള്‍പ്പെട്ട അനുരാഗ് യാദവ് തന്റെ ബന്ദു വഴിയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് പൊലീസില്‍ മൊഴി നല്‍കിയത്.

Content Highlight: 85 In Physics, 5 In Chemistry: Scorecard Of NEET Aspirant Arrested For Leak

We use cookies to give you the best possible experience. Learn more