തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച നേരിടാന്‍ 85 കോടി രൂപ അനുവദിച്ചു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച നേരിടുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.[]
വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം, രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പുന:ക്രമീകരിച്ചു. കൂടാതെ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാനും തീരുമാനിച്ചു. ഈ മാസം 30 വരെയാണ് ജോലി സമയം പുന:ക്രമീകരിച്ചിരിക്കുന്നത്.
വരള്‍ച്ചയുടെ കാഠിന്യം മനസ്സിലാക്കി മുഖ്യമന്ത്രി ഈ മാസം 13 മുതല്‍ 22 വരെ ജില്ലകള്‍ തോറും സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ കടുത്ത വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
വരള്‍ച്ചയില്‍ വിള നശിച്ച കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിരൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ് സംസ്ഥാനം പക്ഷി മൃഗാദികള്‍ ചത്തൊടുങ്ങുകയാണ്. വരള്‍ച്ച കാര്‍ഷിക മേഖലയില്‍ കനത്ത പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത. ശുദ്ധജല ലഭ്യത ഇല്ലാതായിരിക്കുന്നു. സ്ഥിതി ഗുരുതരമായിട്ടും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
വരള്‍ച്ച നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായത്തിന് ശ്രമിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് സഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ ഉണര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുകയാണെന്നും ചെയ്യാവുന്നതെല്ലാം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സൂര്യഘാതം തുടരുമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുവരെയുണ്ടായത് സൂര്യതാപം മൂലമുള്ള പൊള്ളല്‍ മാത്രമാണെന്നും വരാന്‍ പോകുന്നത് മരണം വരെ സംഭവിക്കാവുന്ന സൂര്യഘാതമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊല്ലത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി സൂര്യഘാതമേറ്റു. മത്സ്യത്തൊഴിലാളികളായ തിരുമുല്ലവാരം സ്വദേശി അയ്യന്‍, സാംസണ്‍ എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. കൊല്ലത്ത് ഇതുവരെ നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് കൊല്ലത്താണ്.