ടോകിയോ: ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനായി തന്നെ പിന്തുണച്ച രാജ്യത്തിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പി.വി. സിന്ധു. എല്ലാ ആശംസകള്‍ക്കും പിന്തുണക്കും തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നതായി സിന്ധു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ എഴുതിയ ചെറുകുറിപ്പില്‍ പറഞ്ഞു. ടോകിയോ ഒളിമ്പിക്‌സ് മറക്കാനാകാത്ത അനുഭവമാണെന്നും അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിന്റെ ഫലമായാണ് മെഡല്‍ നേടാന്‍ കഴിഞ്ഞതെന്നും സിന്ധു പറഞ്ഞു.
‘ഓരോ നിമിഷവും എന്നെ ആകര്‍ഷിച്ചിരുന്നത് ഈ നേട്ടത്തിലേക്കായിരുന്നു. ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതിന്റെ വികാരം വിവരിക്കാന്‍ എനിക്ക് ഇപ്പോഴും വാക്കുകളില്ല. ഓരോ തവണ അത് കരസ്ഥമാക്കുമ്പോഴും അതെന്റെ സ്വപ്ന സാക്ഷാത്കാരമാണ്.
ഒരിക്കലും ഈ നേട്ടം ഒറ്റയാന്‍ പോരാട്ടമായിരുന്നില്ല. എപ്പോഴും എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നവര്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല,’സിന്ധു പറഞ്ഞു.
ചൈനീസ് താരമായ ഹീ ബിന്‍ജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.
തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലാണ് സിന്ധു മെഡല്‍ നേടുന്നത്. ഇതോടെ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി സിന്ധു. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.