പാട്‌ന: ബിഹാറിലെ സീതാമാര്‍ഹിയില്‍ ദസ്സറാ ആഘോഷത്തിനിടെയുണ്ടായ വര്‍ഗീയ ലഹളയില്‍ 82 കാരന്‍ സൈനുല്‍ അന്‍സാരി കൊല്ലപ്പെട്ട് ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്ന് റിപ്പോര്‍ട്ട്. മൂന്നാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താനോ, എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനോ, കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാനോ പൊലീസിന് കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
“82 വയസ്സുകാരനായ അന്‍സാരി 7 കിലോമീറ്റര്‍ അകലെയുള്ള സഹോദരിയുടെ വീട് സന്ദര്‍ശിച്ച് തിരിച്ചു വരുന്നതിനിടയ്ക്കാണ് കൊല്ലപ്പെട്ടത്. പോകുന്ന വഴി കലാപകാരികള്‍ ഉണ്ടെന്ന് ആളുകള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും “ഒരു വയസ്സനെ ആരും ഉപദ്രവിക്കില്ലെന്നായിരുന്നു” അന്‍സാരിയുടെ മറുപടി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം അന്‍സാരിയുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തികയായിരുന്നു. കലാപകാരികള്‍ അന്‍സാരിയെ കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു”- റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണത്തിന് തൊട്ടു മുമ്പുണ്ടായ ഗുരുതരമായ പൊള്ളല്‍ മൂലമാണ് അന്‍സാരി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതു വരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
“അന്‍സാരി തിരിച്ചു വരുന്നതിനിടക്കാണ് കൊല്ലപ്പെട്ടത്. കൊല്ലുപ്പെടുന്നതിന് മുമ്പ് അദ്ദേഹം മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട്. ശരീരം കത്തിച്ചതിനെ പറ്റി വിശദമായി അന്വേഷിക്കും. എന്നാല്‍ അന്‍സാരിയുടെ കേസ് പ്രത്യേകമായി റജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊലപാതക്കുറ്റവും ഉള്‍പ്പെടുന്ന കലാപശ്രമത്തിന്റെ പേരിലാണ് ഇപ്പോള്‍ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്”- സീതാമാര്‍ഹി എസ്.ഐ വികാസ് ബര്‍മന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ദസറാ കലാപത്തില്‍ ഇതു വരെ ആറ് എഫ്.ഐ.ആറും 38 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്‍സാരിയുടെ കൊലപാതകികളെ തിരിച്ചറിയാനായിട്ടില്ല. വികാസ് പറഞ്ഞു.
അന്‍സാരിയുടെ ശരീരം കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ കണ്ട അന്‍സാരിയുടെ മകനാണ് ആളെ തിരിച്ചറിഞ്ഞത്. “ഞാനും എന്റെ സഹോദരനും ജില്ലാ മജിസ്റ്റ്രേറ്റിന്റെ അടുക്കലേക്ക് വീഡിയോയിലുള്ളത് ഞങ്ങളുടെ പിതാവാണെന്ന് തെളിയിക്കാന്‍ ചെന്നു. എന്നാല്‍ പൊലീസ് വീഡിയോയുടെ ആധികാരികതയെ സംശയിച്ചിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ പൊലീസ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചതുകാരണം കൊല്ലപ്പെട്ടത് ഞങ്ങളുടെ പിതാവാണ് തെളിയിക്കാനും ബുദ്ധിമുട്ടി”- അന്‍സാരിയുടെ മകന്‍ അഷ്‌റഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
“പൊലീസ് വീഡിയോ ദൃശ്യങ്ങള്‍ പഠിക്കുകയാണെന്നാണ് ഇപ്പോള്‍ ഞങ്ങളോട് പറയുന്നത്. ഞങ്ങളാരുടേയും പേര് പറഞ്ഞിട്ടില്ല. എന്നാല്‍ കുറ്റക്കാര്‍ ഉടന്‍ ശിക്ഷിക്കപ്പെടണം”- അന്‍സാരിയുടെ മറ്റൊരു മകന്‍ അഖ്‌ലാക് പറഞ്ഞു.