പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചു; എതിര്‍ത്തത് 82 പേര്‍ മാത്രം; ശിവസേന വോട്ട് ചെയ്തത് അനുകൂലമായി
Citizenship (Amendment) Bill
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചു; എതിര്‍ത്തത് 82 പേര്‍ മാത്രം; ശിവസേന വോട്ട് ചെയ്തത് അനുകൂലമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 3:11 pm

ന്യൂദല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തപ്പോള്‍, 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 375 പേരാണ് ഇന്നു സഭയിലെത്തിയത്.

എന്‍.ഡി.എ വിട്ട ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായത്. ബില്ലിലൂടെ വോട്ടുബാങ്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവസാനിപ്പിക്കണമെന്ന് ഇന്നു രാവിലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഇവിടെ വോട്ടവകാശം ഉണ്ടാവില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം.

അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും കശ്മീരിലേക്ക് പോയിട്ടുണ്ടോ?” സഞ്ജയ് റാവത്ത് ട്വിറ്ററില്‍ ചോദിച്ചു.

അതേസമയം ലോക്‌സഭയില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്നുമായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്.

‘ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും.

അല്ലാത്തപക്ഷം ജൂതവിരുദ്ധ നിയമമായ ന്യൂറെംബര്‍ഗ് റേസ് നിയമവും ഇസ്രഈലി പൗരത്വ നിയമവും നടപ്പിലാക്കിയവര്‍ക്കൊപ്പം, ഹിറ്റ്‌ലര്‍ക്കും ഡേവിഡ് ബൈന്‍ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തില്‍ ചേര്‍ത്ത് വെക്കേണ്ടി വരും”- എന്നായിരുന്നു ഉവൈസി പറഞ്ഞത്.

ഇത്തരമൊരു ബില്‍ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും ഒരു തരത്തിലും ബില്ലിനെ അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.