ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച് സഹനടന്‍ റോളുകളിലൂടെ വളര്‍ന്ന് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. 2012ല്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പിസയിലൂടെ നായകനായി വന്ന വിജയ് സേതുപതി ചുരുങ്ങിയ കാലയളവില്‍ മികച്ച സിനിമകളുടെ ഭാഗമാവുകയും തമിഴില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കുകയും ചെയ്തു. ഏത് വേഷവും തന്റേതായ രീതിയില്‍ മികച്ചതാക്കുന്ന വിജയ് സേതുപതിയെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ‘മക്കള്‍ സെല്‍വന്‍’ എന്ന ഓമനപ്പേരിട്ടു വിളിച്ചു.
ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ ആണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം. സിനിമയില്‍ കത്രീനാ കൈഫും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ചടങ്ങിലാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ‘പല ആരാധകരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജപ്പാനില്‍ നിന്ന് ഒരു ആരാധിക എന്റെ സിനിമകള്‍ ഒ.ടി.ടിയില്‍ കണ്ട് എന്നെ കാണാനായി ചെന്നൈയിലെ വീട്ടിലേക്ക് വന്നിരുന്നു. എനിക്ക് വേണ്ടി ഒരുപാട് സമ്മാനങ്ങള്‍ തന്ന അവര്‍, എന്നോട് സംസാരിക്കാന്‍ വേണ്ടി തമിഴ് പഠിച്ചിട്ടാണ് വന്നത്. വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് അവര്‍ തിരിച്ചു പോയത്.
അതുപോലെ മലേഷ്യയില്‍ ഷൂട്ടിന് പോയപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു ആരാധിക എനിക്ക് ഇത് സമ്മാനിച്ചു (മുത്ത് കൊണ്ടുള്ള ബ്രെയ്‌സ്ലെറ്റ് ചൂണ്ടിക്കാണിക്കുന്നു). ഷൂട്ടിന്റെ സമയത്ത് തുര്‍ക്കിയില്‍ നിന്നുള്ള ഒരു കുടുംബം ജവാന്‍ സിനിമ കണ്ടെന്നും അവരുടെ ഏഴുവയസുകാരി മകള്‍ക്ക് എന്റെ കൂടെനിന്ന് ഫോട്ടോ എടുക്കണം എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍ കല എന്നതിന് വേലിക്കെട്ടുകള്‍ ഇല്ല. അത് ആളുകളെ തമ്മില്‍ കണക്ട് ചെയ്യിക്കുന്നു,’ ഈയടുത്ത് മനസിനെ കീഴടക്കിയ ഏതെങ്കിലും ആരാധകരുണ്ടോ എന്ന ചോദ്യത്തിന് വിജയ് സേതുപതി മറുപടി പറയുകയായിരുന്നു.
2017ല്‍ പുറത്തിറങ്ങിയ വിക്രം വേദയിലൂടെ കേരളത്തിലും ഫാന്‍ബേസ് ഉണ്ടാക്കിയെടുത്ത വിജയ് സേതുപതി നായകവേഷം മാത്രമല്ല, വില്ലന്‍ വേഷങ്ങള്‍ ചെയ്യാനും തനിക്കാകുമെന്ന് തെളിയിച്ചു. 2019ല്‍ റിലീസായ പേട്ടയില്‍ രജനീകാന്തിന്റെയും, 2021ല്‍ ഇറങ്ങിയ മാസ്റ്ററില്‍ വിജയുടെയും, 2022ല്‍ വിക്രത്തിലൂടെ കമല്‍ ഹാസന്റെയും വില്ലനായി അഭിനയിച്ച് ഒടുവില്‍ 2023ല്‍ ജവാനിലൂടെ ഷാരൂഖ് ഖാന്റെ വില്ലനായി ബോളിവുഡിലും വിജയ് സേതുപതി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം നായകനൊപ്പമോ അവര്‍ക്ക് മുകളിലോ ആയിരുന്നു വിജയ് സേതുപതിയുടെ പെര്‍ഫോമന്‍സ്. ഹിന്ദിയില്‍ ‘ഫര്‍സി’ എന്ന വെബ് സിരീസിലും ശ്രദ്ധേയ വേഷം ചെയ്ത മക്കള്‍ സെല്‍വന്‍ ബോളിവുഡിലും ഫാന്‍ബേസ് ഉണ്ടാക്കിയെടുത്തു.
ബദ്‌ലാപൂര്‍, അന്ധാധുന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് ജനുവരി 12ന് തമിഴിവും ഹിന്ദിയിലുമായി റിലീസ് ചെയ്യും. ടിപ്‌സ് ഫിലിംസ്, മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സ് എന്നീ സ്റ്റുഡിയോകളുടെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ അശ്വിനി കല്‍സേക്കര്‍ രാധികാ ആപ്‌തേ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.
Content Highlight: Vijay Sethupathi sharing experience with fans