അന്യഭാഷകളിൽ മാസ് സിനിമകളുടെ ഭാഗമാവുന്ന നടനാണ് ഫഹദ്. അത്തരം മാസ് ചിത്രങ്ങൾ വലിയ വിജയമാവാറുമുണ്ട്. അല്ലു അർജുൻ നായകനായ പുഷ്പയും കമൽഹാസൻ നായകനായ വിക്രമും അതിന് ഉദാഹരണമാണ്. ഈ ചിത്രങ്ങളിലെ ഫഹദിന്റെ അഭിനയം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ മലയാളത്തിൽ അത്തരം മാസ് സിനിമകളിൽ ഫഹദ് അഭിനയിക്കുന്നത് വളരെ കുറവാണ്. മാലിക് എന്ന ചിത്രം അത്തരത്തിൽ ആഘോഷിക്കാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും ഒ.ടി.ടി റിലീസായത് കൊണ്ട് തന്നെ തീയേറ്ററിൽ ഓളമുണ്ടാക്കാൻ ചിത്രത്തിനായില്ല.
കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണെന്നും ദിലീഷ് പോത്തനുമായി ഒന്നിച്ച് ഒരു മാസ് പടം ചെയ്യാൻ പോവുകയാണെന്നും പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസിൽ. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളത്തിൽ ഞാൻ ചെയ്യുന്ന പടങ്ങൾക്ക് എന്റെ ഒരു കംഫേർട്ട് ലെവലുണ്ട്. അതെനിക്ക് പുറത്ത് പോയി ചെയ്യാൻ പറ്റില്ല. ഇവിടെ ചെയ്യുന്നത് എനിക്ക് ഇവിടെ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. അതാണ് എന്റെ പ്രയോരിറ്റി. ഇവിടെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് നോക്കുകയാണ് ഞാൻ.
കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണ്. പക്ഷെ അതിനേക്കാൾ ഇവിടെ പടങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഇടുക്കിയുടെ ഒരു കഥയോ, പാലക്കാട്ടെ കഥയോ, ഫോട്ട് കൊച്ചിയിലെ കഥയോ പറയുന്നത് എനിക്ക് ഇഷ്ടമാണ്. ജോഗ്രഫി ഭയങ്കര പ്രധാനപ്പെട്ടതാണ്.
ഒരു മാസ് പടത്തിൽ ജോഗ്രഫി സെറ്റ് ചെയ്യുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിലീഷുമായി ( ദിലീഷ് പോത്തൻ ) ഒരു മാസ് പടം ചെയ്യാൻ പോവുകയാണ്. അതിൽ തീരുമാനമായിരിക്കുകയാണ്,’ ഫഹദ് പറഞ്ഞു.
മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.
ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.
Content Highlight: Fahad Faasil says that his coming project is with Dileesh Pothan and it will be a mass movie