സംസ്ഥാനത്ത് വീട്ടിലെ വോട്ടില്‍ ഇതുവരെ രേഖപ്പെടുത്തിയത് 81 ശതമാനം പോളിങ്
Kerala News
സംസ്ഥാനത്ത് വീട്ടിലെ വോട്ടില്‍ ഇതുവരെ രേഖപ്പെടുത്തിയത് 81 ശതമാനം പോളിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2024, 7:36 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വീട്ടില്‍ വോട്ടിന് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് വീട്ടില്‍ വോട്ട് ചെയ്തത്.

85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഒരു ലക്ഷത്തിലധികം ആളുകളും ഭിന്നശേഷിക്കാരായ 40,000 ആളുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏപ്രില്‍ 25 വരെയാണ് വീട്ടില്‍ വോട്ട് തുടരുക.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പ് വരുത്തിക്കൊണ്ട് വീട്ടില്‍ വോട്ട് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അതിനിടെ, വീട്ടില്‍ വോട്ട് പ്രക്രിയയില്‍ തുടക്കം മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. പലയിടങ്ങളിലായി വ്യാപകമായി കള്ളവോട്ട് നടന്നെന്ന പരാതികളും അതില്‍ കേസ് എടുക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പേരാവൂരിലും പയ്യന്നൂരിലും കള്ളവോട്ട് നടന്നെന്ന യു.ഡി.എഫിന്റെ പരാതി ജില്ലാ കലക്ടര്‍ തള്ളിക്കളഞ്ഞു. അതിനിടെ പത്തനംതിട്ടയില്‍ ആറ് വര്‍ഷം മുമ്പ് മരണപ്പെട്ട ആളുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗത്തിനെതിരെയും ബി.എല്‍.ഒക്ക് എതിരെയും പൊലീസ് കേസെടുത്തു.

Content Highlight: 81 percent polling has been recorded in the home vote in the state