| Thursday, 21st March 2013, 8:35 am

മരുന്ന് പരീക്ഷണത്തിനിടെ 80 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് അനധികൃത മരുന്നു പരീക്ഷണത്തിനിടെ 80 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ 7 വര്‍ഷത്തിനിടെയാണ് 80 പേര്‍ മരിച്ചത്. []

മരുന്ന് പരീക്ഷണത്തിന് വിധേയരായവരില്‍ 2,224 പേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി. ഇവരില്‍ 44 പേര്‍ക്ക് മാത്രമാണ് ശരിയായ നഷ്ടപരിഹാരം ലഭിച്ചത്.

കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്ന നിലവിലെ നിയമത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും ഉടന്‍ തന്നെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചു.

മനുഷ്യരിലെ മരുന്ന് പരീക്ഷണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. 2005 മുതല്‍ 2012 വരെ എത്ര പരീക്ഷണമാണ് നടത്തിയതെന്ന് വ്യക്തമാക്കാനായിരുന്നു കോടതി സര്‍ക്കാറുകളോട് ആവശ്യപ്പെട്ടത്.

മരുന്ന് പരീക്ഷണത്തില്‍ മരണമടഞ്ഞവരില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, പരീക്ഷണത്തിന് മുന്‍പ് രോഗികളെ ഇക്കാര്യം അറിയിച്ചിരുന്നോ, പരീക്ഷണത്തില്‍ ഉണ്ടായ പാര്‍ശ്വഫലങ്ങള്‍, ഏതൊക്കെ മരുന്നുകളിലാണ് പരീക്ഷണം നടത്തിയത് തുടങ്ങിയ നാല് കാര്യങ്ങള്‍ക്കുള്ള വിശദീകരണമാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

മനുഷ്യരിലെ മരുന്ന്പരീക്ഷണം നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍  മറുപടി നല്‍കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മനുഷ്യരിലെ മരുന്ന് പരീക്ഷണത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നത്.

സംസ്ഥാനത്ത് നിയമവിരുദ്ധമായി മരുന്നുപരീക്ഷണം: കൂടുതലും അമൃത ആശുപത്രിയില്‍

മരുന്ന് പരീക്ഷണങ്ങള്‍ കാലങ്ങളായി നടക്കുന്നു: രാധാകൃഷ്ണന്‍ സംസാരിക്കുന്നു

Latest Stories

We use cookies to give you the best possible experience. Learn more