ന്യൂദൽഹി: നീറ്റ് ക്രമക്കേടുകളെ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വാദ്രയുടെയും റോബർട്ട് വാദ്രയുടെയും രാഷ്ട്രീയ ആയുധമാക്കാൻ അനുവദിക്കരുതെന്ന് വിദ്യാർത്ഥികളോട് അപേക്ഷയുമായി റിപ്പബ്ലിക് ടി.വി ഉടമയായ അർണബ് ഗോസ്വാമി.
അതോടൊപ്പം നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആയുധമാക്കരുതെന്നും അർണബ് അപേക്ഷിച്ചു.
ഗോദി മീഡിയയുടെ മോദിയോടുള്ള കൂറൊട്ടും തന്നെ കുറഞ്ഞിട്ടില്ലെന്നാണ് അർണബിന്റെ വീഡിയോ വ്യക്തമാക്കുന്നത്. നീറ്റ് പരീക്ഷക്കെതിരെയുള്ള വിദ്യാർത്ഥികളുടെ രോഷം നൂറു ശതമാനവും സത്യസന്ധമാണെന്നും എന്നാൽ അതിനെ രാഷ്ട്രീയക്കാർ ഉപയോഗിക്കുകയാണെന്നും അർണബ് പറഞ്ഞു.
പല രാഷ്ട്രീയക്കാരുടെയും ഉള്ളിൽ നിങ്ങൾക്കായുള്ള മറുപടികളോ പ്രശ്ന പരിഹാര മാർഗങ്ങളോ ഇല്ല അവർ നിങ്ങളുടെ രോഷത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി ചെയ്യുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്യുന്നത് നിങ്ങളുടെ രോഷത്തെ രാഷ്ട്രീയവൽക്കരിക്കുക മാത്രാമാണ്. അവർ നിങ്ങളോട് ചെയ്യുന്നത് തെറ്റാണ്. നിങ്ങൾ അത് മനസിലാക്കണം. അവർ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചറിഞ്ഞ് രോഷാകുലരായിരിക്കുന്ന ഇന്ത്യൻ യുവതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിക്കാൻ ശ്രമിക്കുകയാണ്.
നിങ്ങളോട് ഞാൻ അപേക്ഷിക്കുകയാണ്, ഇതിന് അവസരമൊരുക്കരുതെന്ന്. ഞാൻ ഒന്ന് പറയട്ടെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും നിങ്ങളെ സഹായിക്കാൻ മുന്നോട്ട് വരില്ല. അവർക്കാവശ്യം ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുക മാത്രമാണ്. നിങ്ങൾക്ക് വേണ്ട ഒരു പരിഹാരം അവരുടെ കയ്യിൽ ഉണ്ടാകില്ല. നിങ്ങൾക്ക് പരിഹാരം സ്വയം കണ്ടെത്താൻ സാധിക്കും നിങ്ങൾ അതിന് കഴിവുള്ളവരാണ്. അതിന് നിങ്ങൾക്ക് വിദ്വേഷം മനസിൽ കൊണ്ട് നടക്കുന്ന ഒരു 54കാരൻ നേതാവിന്റെ സഹായം ആവശ്യമില്ല,’ അർണബ് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ ചാനലായ റിപ്പബ്ലിക് ടി.വിയിൽ നടന്ന ലൈവ് പരിപാടിയിലാണ് അർണബ് ഇത്തരം പരാമർശം ഉന്നയിച്ചത്. അർണബിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
നീറ്റ് യു.ജി പരീക്ഷയിൽ ഏഴ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അതോടൊപ്പം സമയനഷ്ടമെന്ന് പറഞ്ഞ് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഗ്രേസ്‌മാർക്കും നൽകിയിരുന്നു. ഇതും വലിയ വിവാദമായിരുന്നു. തുടർന്ന് നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ പുറത്തു വരികയായിരുന്നു.
ക്രമക്കേടിന് ഉത്തരവാദി എന്‍.ടി.എ എന്നാണ് മന്ത്രാലയം പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തിയെതെന്നും ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി പതിവില്ലാത്തതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlight: Republic tv onwer arnab goswami supports prime minister narenthra modi