| Thursday, 20th January 2022, 3:10 pm

ഭൂചലനം ഭീഷണിയാവുന്നു; അഫ്ഗാനില്‍ 800 വര്‍ഷം പഴക്കമുള്ള മിനാരം തകര്‍ച്ചയുടെ വക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 800 വര്‍ഷം പഴക്കമുള്ള മിനാരം തകര്‍ച്ചയുടെ വക്കില്‍.

ഇസ്‌ലാമിക് ആര്‍ക്കിടെക്ചറിന്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നായി കണക്കാക്കുന്ന അഫ്ഗാനിലെ മിനാരം തുടര്‍ച്ചയായ ഭൂചലനങ്ങളെത്തുടര്‍ന്നാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്.

ഈ ആഴ്ച മാത്രം രണ്ട് ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായത്. ഇതോടെയാണ് മിനാരം തകര്‍ന്നുവീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്.

ഭൂചലനങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് തന്നെ മിനാരം തകര്‍ച്ച നേരിട്ടിരുന്നു.

അഫ്ഗാന്റെ മധ്യഭാഗത്തുള്ള പ്രവിശ്യയായ ഘോറിലാണ് മിനാരം സ്ഥിതി ചെയ്യുന്നത്. കൃത്യമായ ശ്രദ്ധയും സംരക്ഷണവും ലഭിച്ചില്ലെങ്കില്‍ മിനാരം തകരുമെന്നാണ് അധികൃതര്‍ പറയുന്നത്.

മിനാരെത് ഓഫ് ജാം (The Minaret of Jam) എന്ന 12ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മിനാരം യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലും ഇടംനേടിയിട്ടുണ്ട്.

65 മീറ്റര്‍ ഉയരമുള്ള മിനാരം 1190 കാലഘട്ടത്തിലാണ് നിര്‍മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

2002ലാണ് മിനാരത്തിനെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അഫ്ഗാനില്‍ ഈ നേട്ടം കൈവരിച്ച ആദ്യത്തെ സൈറ്റ് കൂടിയാണ് മിനാരെത് ഓഫ് ജാം.

ഒക്ടഗണല്‍ ബേസിലാണ് മിനാരം നിര്‍മിച്ചിരിക്കുന്നത്.

അഫ്ഗാനില്‍ താലിബാന്‍ അധീനതയിലുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് മിനാരം സ്ഥിതി ചെയ്യുന്നത്. യു.എസ് സഖ്യസേന അഫ്ഗാനിലുണ്ടായിരുന്ന സമയത്തും മിനാരം ഉള്‍പ്പെട്ട പ്രദേശം താലിബാന്റെ അധീനതയില്‍ തന്നെയായിരുന്നു.

2019ലായിരുന്നു യുനെസ്‌കോയുടെ മിഷന്‍ സംഘം അവസാനമായി മിനാരം സന്ദര്‍ശിച്ചത്. എന്നാല്‍ മിനാരത്തിന് സുരക്ഷാ പ്രശ്‌നമൊന്നുമില്ല എന്നായിരുന്നു സംഘം അന്ന് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 800 year old Afghan minaret in danger of ‘collapse’ after earthquakes

We use cookies to give you the best possible experience. Learn more