| Tuesday, 13th October 2020, 7:56 pm

ഇത് കലക്കും; മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന '800' -ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. വിജയ് സേതുപതിയാണ് മുത്തയ്യ മുരളീധരനായി എത്തുന്നത്.

മോഷന്‍ പോസ്റ്ററില്‍ തന്നെ ലഘുവായി അദ്ദേഹത്തിന്റെ ജീവിതം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നുണ്ട്. ലങ്കന്‍ സിവില്‍ യുദ്ധവും മുരളിയുടെ കുട്ടിക്കാലവും സിനിമയില്‍ പശ്ചാത്തലമാകുന്നുണ്ട്.

ഇതിനോടകം മികച്ച അഭിപ്രായമാണ് മോഷന്‍ പോസ്റ്ററിന് ലഭിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റ് നേട്ടമാണ് ചിത്രത്തിന് 800 എന്ന പേര് നല്‍കാന്‍ കാരണം. ഡര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീപതി രംഗസ്വാമിയാണ്  എഴുതി സംവിധാനം ചെയ്യുന്നത്.

133 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 800 വിക്കറ്റുകളും 350 ഏകദിന മത്സരങ്ങളില്‍ നിന്ന് 534 വിക്കറ്റുകളുമാണ് മുരളീധരന്‍ ശ്രീലങ്കയ്ക്കു വേണ്ടി നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മുരളീധരന്‍ ഏകദിനത്തില്‍ പത്ത് തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.


അതേസമയം കഴിവുള്ള നടനാണു വിജയ് സേതുപതിയെന്നും തന്റെ ബോളിങ് ആക്ഷനും ഭാവവും പകര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുമെന്നും മുരളി നേരത്തെ പറഞ്ഞിരുന്നു.

സിനിമയുടെ ചിത്രീകരണം ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നടത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അടുത്ത വര്‍ഷം അവസാനത്തോടെയാകും റിലീസ്.

Content Highlight: 800 Official Motion Poster  Vijay Sethupathi, Muthiah Muralidaran

We use cookies to give you the best possible experience. Learn more