| Sunday, 19th May 2024, 9:19 pm

സുരക്ഷിതമായ ഒരിടം പോലുമില്ല; റഫയില്‍ നിന്ന് ഇതുവരെ പലായനം ചെയ്തത് എട്ട് ലക്ഷം ഫലസ്തീനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: തെക്കന്‍ ഗസയില്‍ നിന്നും ഇതുവരെ എട്ട് ലക്ഷം ഫലസ്തീനികള്‍ പലായനം ചെയ്‌തെന്ന് ഐക്യരാഷട്ര സംഘടന. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം കഴിഞ്ഞാഴ്ചയാണ് റഫയുടെ നിയന്ത്രണം ഇസ്രഈല്‍ ഏറ്റെടുത്തത്.

ഒക്ടോബര്‍ ഏഴിന് ആക്രമണം ആരംഭിച്ചതിന് ശേഷം സുരക്ഷ തേടി റഫയില്‍ അഭയം പ്രാപിച്ച ഫലസ്തീനികള്‍ പ്രദേശത്ത് നിന്ന് ഉടന്‍ ഒഴിഞ്ഞ് പോകണമെന്ന് പിന്നാലെ ഇസ്രഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഫയുടെ നിയന്ത്രണം ഇസ്രഈല്‍ പൂര്‍ണമായും ഏറ്റെടുത്തതോടെ ഭക്ഷണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ഗസയിലേക്ക് എത്തുന്നതും നിലച്ചു. ഇതോടെ മെയ് ആറിന് ശേഷം റഫയില്‍ നിന്നും ആളുകള്‍ വന്‍തോതില്‍ പലായനം ചെയ്‌തെന്നാണ് യു.എന്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ജലവിതരണമോ മതിയായ വൃത്തിയോ ഇല്ലാത്ത പ്രദേശങ്ങളിലേക്കാണ് ഇവര്‍ പലായനം ചെയ്യുന്നതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു. അവശേഷിക്കുന്ന ഏതാനും അഭയകേന്ദ്രങ്ങളില്‍ ഒന്നായി റഫയെ തേടിയെത്തിയ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് ഇപ്പോള്‍ വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ഗസയിലെ ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന ഇസ്രഈലിന്റെ അവകാശവാദം തെറ്റാണെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അംഗം ലസാരിനി എക്‌സില്‍ കുറിച്ചു.

‘ഓരോ തവണയും ഇസ്രഈല്‍ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഗസയില്‍ സുരക്ഷിതമെന്ന് പറയാന്‍ ഒരിടം പോലുമില്ല. അവിടെ ആരും സുരക്ഷിതരല്ല,’ ലസാരി പറഞ്ഞു. ഗസയിലേക്കുള്ള സഹായം തടഞ്ഞത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എന്‍ മാനുഷിക മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.

അതിനിടെ, വടക്കന്‍ ഗസയുടെ ചില ഭാഗങ്ങളിലെ ജനങ്ങളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രഈല്‍ സൈന്യം ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രദേശത്ത് റോക്കറ്റ് ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജബാലിയ, ഡീര്‍ അല്‍ബലാഹ്, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലും ഇസ്രഈല്‍ വ്യോമാക്രമണം നടത്തി. ഇതില്‍ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight:  800,000 Palestinians flee Rafah

Latest Stories

We use cookies to give you the best possible experience. Learn more