| Sunday, 18th August 2024, 2:49 pm

മഹാരാഷ്ട്രയിൽ സ്കൂളിൽ നിന്ന് നൽകിയ ബിസ്ക്കറ്റ് കഴിച്ച് 80 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ സ്കൂളിൽ നിന്ന് നൽകിയ ബിസ്ക്കറ്റ് കഴിച്ച് 80ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ.

പോഷകാഹാര പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ ബിസ്ക്കറ്റ് കഴിച്ചതോടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഓക്കാനം, ഛർദി എന്നിവ അനുഭവപ്പെട്ട കുട്ടികളെ ഗ്രാമത്തലവനും മറ്റ് ഗ്രാമവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിസ്ക്കറ്റ് കഴിച്ച 257 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. അതിൽ 80 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഗുരുതരമായ ഭക്ഷ്യവിഷബാധയുണ്ടായിട്ടില്ല എന്നും ഛത്രപതി സംഭാജിനഗർ മെഡിക്കൽ ഓഫീസർ ഡോ. ബാബാസാഹേബ് ഘുഗെ പറഞ്ഞു.

എന്നാൽ ഇതിൽ ഏഴ് കുട്ടികളുടെ ആരോഗ്യ സ്ഥിതി അല്പം മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരെ ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ഘുഗെ പറഞ്ഞു.

കേകെത് ജൽഗാവ് ഗ്രാമത്തിലെ ജില്ലാ കൗൺസിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ബിസ്‌ക്കറ്റ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത് . സ്‌കൂളിൽ 296 കുട്ടികളാണുള്ളത്. വിദ്യാലയത്തിൽ വെച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെതിരെ ഗ്രാമവാസികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സമാനമായ സംഭവം ഈ മാസം ആദ്യ വാരത്തിലും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പത്തോളം ആശ്രാമം സ്‌കൂളുകളിൽ നിന്നുള്ള 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ആദിവാസി വിദ്യാർത്ഥികൾക്കുള്ള റസിഡൻഷ്യൽ സ്കൂളുകളാണ് ആശ്രാമം സ്കൂളുകൾ.

സംയോജിത പട്ടികവർഗ വികസന പദ്ധതിയുടെ (ഐ.ടി.ഡി.പി) ദഹാനു പദ്ധതിയിലൂടെ ആദിവാസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനായി രൂപീകരിച്ച പദ്ധതിയാണ് ആശ്രാമം സ്കൂളുകൾ. ഓഗസ്റ്റ് ആറിന് വിവിധ ആശ്രാമം സ്കൂളുകളിൽ നിന്നുള്ള 50 ലധികം വിദ്യാർത്ഥികൾ ഓക്കാനം , ഛർദ്ദി, തലകറക്കം എന്നിവയെ തുടർന്ന് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചതായി പാൽഘർ റസിഡൻ്റ് ഡെപ്യൂട്ടി കലക്ടർ സുഭാഷ് ഭാഗഡെ പറഞ്ഞിരുന്നു.

Content Highlight: 80 students hospitalised after eating biscuits at Maharashtra school

We use cookies to give you the best possible experience. Learn more