| Sunday, 1st January 2023, 7:38 pm

ലോകകപ്പ് സംഘാടനത്തിന് പുറമെ മാലിന്യ സംസ്‌കരണത്തിലും മാതൃകയായി ഖത്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പിലെ മികച്ച സംഘാടനത്തിന് പ്രശംസ നേടിയ ഖത്തര്‍ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ടൂര്‍ണമെന്റിന് ശേഷം അവശേഷിച്ച 2000 ടണ്‍ വേസ്റ്റ് ഖത്തര്‍ ഇതിനകം സംസ്‌കരിച്ച് കഴിഞ്ഞു.

ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിച്ച നവംബര്‍ 20 മുതല്‍ ഫൈനല്‍ ദിനമായ ഡിസംബര്‍ 18 വരെയുള്ള കാലയളവിനിടയില്‍ രാജ്യത്തെ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ ഉള്‍പ്പെടെ 54,865 ടണ്‍ മാലിന്യം ഇതിനകം ശേഖരിച്ച് സംസ്‌കരിക്കുകയും പുനരുപയോഗം നടത്തിയതായും ജനറല്‍ ക്ലീന്‍ലിനസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ശേഖരിക്കപ്പെട്ട മാലിന്യത്തിന്റെ 72 ശതമാനം ഇത്തരത്തില്‍ പുനരുപയോഗത്തിന് വിധേയമാക്കുന്നത്. ഇതില്‍ 28 ശതമാനം ഹരിതോര്‍ജമാക്കി മാറ്റുകയായിരുന്നു.

ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ഗ്ലാസ് കുപ്പികള്‍, കടലാസ് പേപ്പറുകള്‍ തുടങ്ങി വിവിധ തരങ്ങളിലുള്ളവയായിരുന്നു ശേഖരിച്ച മാലിന്യങ്ങള്‍.

1,627 ട്രക്കുകളുടെയും ശുചീകരണ ഉപകരണങ്ങളുടെയും പിന്തുണയോടെ 12,230 തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരുമാണ് ഖത്തറിലെ മാലിന്യ-സംസ്‌കരണ യജ്ഞത്തിന്റെ ഭാഗമായത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഗാര്‍ഹിക ഖരമാലിന്യ മാനേജ്മെന്റ് സെന്ററായ മിസൈഈദ് കേന്ദ്രത്തില്‍ നിന്നായിരുന്നു മാലിന്യങ്ങള്‍ റിസൈക്ലിങ്ങിന് വിധേയമാക്കിയത്.

കൂടാതെ ടൂര്‍ണമെന്റ് നടക്കുന്നതിനിടെ കാണികളുമായി ഇടപഴകാനും റീസൈക്കിളിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കി കൊടുക്കാനും സാഘാടകര്‍ക്ക് കഴിഞ്ഞിരുന്നു. ഖത്തര്‍ ലോകകപ്പിനിടയില്‍ മാലിന്യ സംസ്‌കരണ വിഷയത്തില്‍ മറ്റ് ബോധവതകരണ പദ്ധതികള്‍ നടപ്പിലാക്കാനും സംഘാടകര്‍ക്കായി.

Content Highlights: 72 percentage of waste from FIFA World Cup at Qatar 2022 stadiums has been recycled

We use cookies to give you the best possible experience. Learn more