[share]
[]മുംബൈ: അനധികൃതമായി 80 മുസ്‌ലീങ്ങളെ തടഞ്ഞു വെച്ചതിന് പോലീസിനെതിരെ പരാതിയുമായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത്.
ബുധനാഴ്ച രാത്രി താനെയിലാണ് സംഭവം നടന്നത്. ഒരു ഡസനോളം വരുന്ന പോലീസ് വാനുകളില്‍ വന്നാണ് പോലീസുകാര്‍ 80 പേരെയും പിടിച്ചത്.
സംശയത്തിന്റെ പേരില്‍ പിടിച്ച ഇവരെ പിന്നീട് ലോക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ച് അവര്‍ താനെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞു വെച്ച പോലീസുകാര്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.
പ്രായമായവരും, വിദ്യാര്‍ത്ഥികളും, ജോലിക്കാരുമുള്‍പ്പെടെ 80 പോരെയാണ് പോലീസുകാര്‍ അര്‍ധരാത്രിയില്‍ നാലു മണിക്കൂറോളം തടഞ്ഞു വെച്ചത്. എന്നാല്‍ ഇത് തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണെന്നാണ് പോലീസുകാര്‍ നല്‍കിയ വിശദീകരണം.
അതേസമയം പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ താനെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൗരന്റെ അടിസ്ഥാനാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് കാണിച്ചാണ് സാമൂഹിക പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം തികച്ചും വംശീയമായ അധിക്ഷേപമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.