അംഗന്‍വാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ അക്കൗണ്ട്; മലപ്പുറം എ. ആര്‍ നഗര്‍ ബാങ്കിനെതിരായ കെ.ടി. ജലീലിന്റെ ആരോപണത്തില്‍ കുടുതല്‍ തെളിവുകളും പരാതിക്കാരും
തിരൂരാങ്ങാടി: മലപ്പുറം എ. ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകളും പരാതിക്കാരും രംഗത്ത്. അംഗന്‍വാടി ടീച്ചറായിരുന്ന എം.ദേവിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
എ. ആര്‍ നഗര്‍ ബാങ്കില്‍ എം. ദേവിയുടെ അക്കൗണ്ടില്‍ 80 ലക്ഷം രൂപയുണ്ടെന്നും ഇതിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നും കാണിച്ച് ദേവിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വന്നതോടെയാണ് തന്റെ പേരില്‍ മുമ്പ് എടുത്തിരുന്ന ഈ അക്കൗണ്ടില്‍ ഇത്രയും പണമുണ്ടെന്ന കാര്യം ദേവിയറിയുന്നത്.
മുമ്പ് അംഗന്‍വാടി ടീച്ചറായിരുന്ന ദേവി 2007 ലായിരുന്നു എ.ആര്‍ നഗര്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 25000 ഈ അക്കൗണ്ടില്‍ വന്നതൊഴിച്ചാല്‍ മറ്റൊരിടപാടും ഇവിടെ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് താന്‍ അറിയാതെ തന്റെ അക്കൗണ്ടില്‍ വലിയ പണമിടപാട് നടക്കുന്നതായി ദേവിയറിഞ്ഞത്.
ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസില്‍ ദേവി പരാതി നല്‍കി. ബാങ്കിലെ സെക്രട്ടറിയായിരുന്ന ഹരികുമാറില്‍ നിന്ന് വധഭീഷണിയടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം 2017 ല്‍ ദേവിയുടെ അക്കൗണ്ട് വഴി നടന്ന ഇടപാടിനെ കുറിച്ച് അറിയില്ലെന്നും ഇപ്പോള്‍ അവരുടെ അക്കൗണ്ടില്‍ പണമില്ലെന്നുമാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്ന വിശദീകരണം.
കെ. ടി. ജലീലില്‍ എം.എല്‍.എയും എ.ആര്‍ നഗര്‍ ബാങ്കിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി. ജലീല്‍ ആരോപിച്ചു.
ബാങ്കില്‍ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഇന്‍സ്ട്രക്ഷന്‍ വിംഗിന്റെ പരിശോധനയില്‍ ഇതിനകം 300 കോടിയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കുന്നതോടെ 600 കോടിയിലെത്തുമെന്നും ജലീല്‍ പറഞ്ഞു.
ബാങ്ക് സെക്രട്ടറിയായ ഹരികുമാറാണ് പി. കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കുന്നതെന്നും ജലീല്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് എ. ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 2018മുതല്‍ തന്നെ ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മേയ് 25നാണ് ആദായ നികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നത്. ഇവരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കണമെന്നായിരുന്നു ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.
ഈ പട്ടികയിലെ ഒന്നാമത്തെ പേര് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതായിരുന്നു. പ്രവാസി ബിസിനസുകാരനാണ് ഹാഷിഖ്.