| Sunday, 26th April 2020, 9:19 pm

മഹാരാഷ്ട്രയിലെ 80% രോഗികള്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്ന് ഉദ്ധവ് താക്കറെ; വെളിപ്പെടുത്തല്‍ സൈലന്റ് സ്‌പ്രെഡെന്ന ആശങ്കകള്‍ക്കിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ച 80ല ശതമാനം രോഗികള്‍ക്കും രോഗലക്ഷങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് ഇതുവരെ 8,068 പേര്‍ക്കാണ് രോഗം സ്ഥിരീകിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

സംസ്ഥാനത്ത് വൈറസിന്റെ സൈലന്റ് സ്‌പ്രെഡ് ഉണ്ടായിട്ടുണ്ടെന്ന ആശങ്ക നേരത്തെ ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെതന്നെ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതോടൊപ്പംതന്നെ കൂടുതല്‍ ആളുകള്‍ വാഹകരാകാനുള്ള സാധ്യതയും കൂടുതലാണ്. പരിസോധനകള്‍ വര്‍ധിപ്പിക്കണം എന്നതിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. രാജസ്ഥാനിലും സമാന അവസ്ഥയുണ്ടെന്നും സ്ഥിരീകരിച്ച 2,100 കേസുകളില്‍ 80 ശതമാനത്തിനും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ലോക്ഡൗണ്‍ കൊവിഡ് വ്യാപനത്തെ തടയുന്നുണ്ടെന്നും മുംബൈ, പൂനെ നഗരത്തില്‍ പ്രയോഗിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും താക്കറെ പറഞ്ഞു. ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏപ്രില്‍ 30 ന് ശേഷം തീരുമാനിക്കുമെന്നും പദ്ധതികള്‍ ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഞായറാഴ്ചയും ഏറ്റവുമധികം പേര്‍ക്ക് രോഗം പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. 440 പുതിയ കേസുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 358 പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,068 ആയി. ആകെ സ്ഥിരീകരിച്ചവരില്‍ 5,407 കേസുകളും മുംബൈയിലാണ്.

24 മണിക്കൂറിനിടെ 19 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 12 എണ്ണവും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 342 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more