റിയാദ്: ഈജിപ്ഷ്യന്‍ ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ അനുകൂലിച്ചുള്ള പുസ്തകങ്ങള്‍ക്ക് സൗദിയില്‍ നിരോധനം. സ്‌കൂളുകളില്‍ നിന്നും ലൈബ്രറികളില്‍ നിന്നുമാണ് പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ സൗദി വിദ്യഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. ബ്രദര്‍ഹുഡ് നേതാക്കളായ ഹസന്നുല്‍ ബന്ന, സയ്യിദ് ഖുത്വുബ്, യൂസുഫുല്‍ ഖറദാവി എന്നിവരുടെ 80ഓളം പുസ്തകങ്ങളാണ് നിരോധിച്ചത്.
പുസ്തകങ്ങള്‍ ഉടന്‍തന്നെ മന്ത്രാലയത്തിന് തിരിച്ച് നല്‍കാനും സൗദി ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
ഈജിപ്റ്റില്‍ രൂപീകൃതമായ മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) സംഘടനയുടെ സ്ഥാപകനാണ് ഹസന്നുല്‍ ബന്ന. സംഘടനയിലെ ബുദ്ധിജീവികളിലൊരാളാണ് സയ്യിദ് ഖുതുബ്. ഇരുവരും ഈജിപ്റ്റില്‍ കൊല്ലപ്പെട്ട നേതാക്കളാണ്. ഖത്തര്‍ പ്രവര്‍ത്തന കേന്ദ്രമാക്കിയ ഈജിപ്ഷ്യന്‍ വംശജനായ യൂസുഫുല്‍ ഖറദാവി മുസ്‌ലിം ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്ന പണ്ഡിതനാണ്.
2014ല്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.