തിരുവനന്തപുരം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചത് കൊണ്ട് എട്ടുവയസുകാരന്‍ മരിച്ചെന്നാരോപണം. വെഞ്ഞാറമൂട് വെമ്പയം തലയേല്‍ നൂറേക്കര്‍ പിണറുംകുഴി വീട്ടില്‍ മണിക്കുട്ടന്റെയും റീനയുടെയും മകന്‍ അഭിഷേകാണ് മരിച്ചത്.
പേവിഷബാധയാണ് മരണക്കാരണമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ തീര്‍ത്തും അവശനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടിക്ക് ബാധകയറിയതാണെന്നായിരുന്നു മാതാപിതാക്കളുടെ വാദം. തുടര്‍ന്ന് മന്ത്രവാദിയെ കാണുകയും നൂല്‍ ജപിച്ചുവാങ്ങിക്കുകയും ചെയ്തു.
എന്നാല്‍ വ്യാഴായ്ചയോടെ തീര്‍ത്തും അവശനായ കുട്ടിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകുകയും പനിക്കുള്ള മരുന്ന് വാങ്ങിക്കുകയും ചെയ്തു. കുട്ടി വീണ്ടും അവശനായതോടെ രാത്രിയോടെ വീണ്ടും കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുഞ്ഞിന് പേവിഷബാധയായിരിക്കാമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
പിന്നീട് വീട്ടിലേക്ക് മടങ്ങിയ കുട്ടി പുലര്‍ച്ചേ മരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞ് മരിച്ചത് പേവിഷബാധയാണെന്ന് സംശയം പ്രകടിപ്പിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ക്കും പരിസരവാസികളുമടക്കം 15 പേര്‍ക്ക് പേവിഷബാധയ്ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു.