ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വേര് അറ്റുപോകുമെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ.
എട്ട് വയസുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്താലാണോ നിങ്ങളുടെ സംസ്‌ക്കാരത്തിന്റെ വേര് ഉറയ്ക്കുക എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയ ചോദ്യം.
കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ കത്‌വയിലെ ക്ഷേത്രത്തിനകത്ത് വെച്ച് എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിന് ഇരയായെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു മോഹന്‍ ഭഗവതിന് നേരെ വിമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയത്. ഹിന്ദുത്വ അനുഭാവികള്‍ തങ്ങളുടെ കൊടിയ കുറ്റകൃത്യം ചെയ്യാന്‍ ക്ഷേത്രം തന്നെ തിരഞ്ഞെടുത്തത് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ചിലരുടെ പ്രതികരണം.
മകളെ അന്വേഷിച്ച് ക്ഷേത്രമൊഴികെയുള്ള മറ്റെല്ലായിടത്തും താന്‍ ചെന്നെന്നും പുണ്യസ്ഥലമായ ക്ഷേത്രത്തില്‍ മകളെ തേടി പോകേണ്ടെതില്ലെന്ന വിശ്വാസം തനിക്കുണ്ടായിരുന്നെന്നുമുള്ള എട്ടുവയസുകാരിയുടെ പിതാവിന്റെ വാക്കുകള്‍ കൂടി എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ചിലര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്‌ലീം ജനവിഭാഗമാണ് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചുമാറ്റിയതെന്നും ക്ഷേത്രം പുനര്‍നിര്‍മിച്ച് പഴയത് പോലെ നിലനിര്‍ത്തേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റേയും കടമയാണ് എന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.
മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ ആര്‍.എസ്.എസിന്റെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അയോധ്യയിലെ രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വേര് അറ്റുപോകുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.