Daily News
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം ഛത്തീസ്ഗഡില്‍ 10 സ്ത്രീകള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 11, 07:32 am
Tuesday, 11th November 2014, 1:02 pm

chhattigad-01റായ്പൂര്‍: ഛത്തീസ്ഗഡിലെ ടക്കാത്പൂര്‍, ബിലാസ്പൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച നടന്ന വന്ധ്യംകരണ ശാസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത 10 സ്ത്രീകള്‍ മരിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്.

52 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 30 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ക്യാമ്പില്‍ പങ്കെടുത്ത ജാനകി ഭായ് എന്ന 30 കാരിയെയാണ് ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.  ബിലാസ്പുര്‍ ജില്ലാ ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെ ഇവര്‍ മരിക്കുകയായിരുന്നു.

ഛര്‍ദ്ദി, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ശാസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചികിത്സയിലെ പിഴവ് കാരണമാണ് അപകടം സംഭവിച്ചതെങ്കില്‍ ആവശ്യമായ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. കമാല്‍പ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളിന്റെ മണ്ഡലമാണ് ബിലാസ്പുര്‍.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു.