| Wednesday, 2nd November 2016, 4:44 pm

കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ നിരായുധരായിരുന്നെന്ന് എ.ടി.എസ് തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അവര്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കില്‍ പൊലീസിന് ഏതറ്റം വരെയും പോകാവുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ പൊലീസിന് പരമാവധി ശക്തി പ്രയോഗിക്കാനും ആവശ്യമെങ്കില്‍ ജീവനെടുക്കാനും നിയമമുണ്ടെന്നും എ.ടി.എസ് തലവനായ സഞ്ജീവ് ഷാമി ചൂണ്ടിക്കാട്ടി.


ഭോപ്പാല്‍: ഭോപ്പാലില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ് )തലവന്റെ വെളിപ്പെടുത്തല്‍.

അതുകൊണ്ടെന്താണ്, ജയില്‍ ചാടിയവര്‍ കൊടും കുറ്റവാളികളായിരുന്നു. അവര്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കില്‍ പൊലീസിന് ഏതറ്റം വരെയും പോകാവുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ പൊലീസിന് പരമാവധി ശക്തി പ്രയോഗിക്കാനും ആവശ്യമെങ്കില്‍ ജീവനെടുക്കാനും നിയമമുണ്ടെന്നും എ.ടി.എസ് തലവനായ സഞ്ജീവ് ഷാമി ചൂണ്ടിക്കാട്ടി.

എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണവുമായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എ.ടി.എസ് തലവന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ദേശീയ മനുഷ്യാവാകശ കമ്മീഷന്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാരിനും പൊലീസിനും സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

തിങ്കളാഴ്ചയാണ് ജയില്‍ ചാടിയ 8 സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ച് കൊന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയന്നൊണ് പൊലീസും മധ്യപ്രദേശ് സര്‍ക്കാരും പറയുന്നത്.

കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ടെന്നും അരയ്ക്ക് മുകളിലാണ് എല്ലാവര്‍ക്കും വെടിയേറ്റതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിയുണ്ടകള്‍ ശരീരത്തിലൂടെ തുളച്ച് പുറത്ത് കടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരരുടെ തൊട്ടടുത്ത് നിന്ന് വെടിവെച്ചതിനെ തുടര്‍ന്നാണിതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഭീകരരരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് കാണിച്ച് സംഭവത്തിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. പ്രതികള്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ശേഷവും മൃതദേഹത്തിന് സമീപം തോക്കൊന്നും കണ്ടെത്തിയിരുന്നില്ല. കത്തി പോലൊരു വസ്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃകസാക്ഷികള്‍ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more