പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എട്ട് പേര്‍ കരുതല്‍ തടങ്കലില്‍. ഇവര്‍ ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരമെത്തിയതാണെന്ന് പൊലീസ് അറിയിച്ചു
ഇവരുടെ ആര്‍.എസ്.എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേരെയും നിലയ്ക്കലിലേക്ക് മാറ്റും.
നേരത്തെ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്കെതിരെ സംഘടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പിയുടെ സര്‍ക്കുലര്‍ പുറത്തായിരുന്നു. ശബരിമലയില്‍ സംഘടിക്കണമെന്നാവശ്യപ്പെട്ട് ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലറാണ് പുറത്തുവന്നത്.
ഒരു ദിവസം മൂന്നു നിയോജക മണ്ഡലത്തിലുള്ളവര്‍ ശബരിമലയിലെത്താനാണ് നിര്‍ദേശം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഒപ്പു വെച്ച സര്‍ക്കുലറാണ് കീഴ്ഘടകങ്ങള്‍ക്ക് അയച്ചിട്ടുള്ളത്.
നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്ന് ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണ് നിയോജകമണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 25 വരെ ശബരിമലയില്‍ ഓരോ ദിവസവും എത്തേണ്ട മണ്ഡലം കമ്മിറ്റികളുടെ പട്ടികയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അയച്ച സര്‍ക്കുലറിലുണ്ടായിരുന്നത്.
ഇതോടൊപ്പം ചുമതലയുള്ള ജില്ലാ ഭാരവാഹിയുടെ പേരും ഫോണ്‍ നമ്പറും. അതിനു ശേഷം ഓരോ ദിവസവും ചുമതലയുള്ള സംസ്ഥാന ഭാരവാഹികളുടെ പേരുകളും ഫോണ്‍ നമ്പറുകളും എട്ടു പേജുള്ള സര്‍ക്കുലറില്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്.