ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ; ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യ
national news
ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ; ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 5:39 pm

ദോഹ: ചാരവൃത്തി ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് ഖത്തറിന്റെ വധശിക്ഷ. ഖത്തറുമായി ബന്ധപ്പെടുമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു .

മുന്‍പ് ഇന്ത്യന്‍ യുദ്ധകപ്പലിന്റെ മേജര്‍ കമാന്ററായിരുന്ന ഇപ്പോള്‍ ഖത്തറിന്റെ സായുധ സേനയ്ക്ക് പരീശീലനും സേവനവും നല്‍കുന്ന സ്വകാര്യ സ്ഥാപനമായ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടസി സര്‍വീസില്‍ ജോലിചെയ്യുന്ന ആളും വധശിക്ഷയ്ക്ക് വിധിച്ചവരില്‍ ഉള്‍പ്പെടുന്നു.

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ത്ര കുമാര്‍ വര്‍മ, കൃപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്തു തിവാരി, കമാന്‍ഡര്‍ സുകുമാര്‍ പാക്‌ല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത സെയിലര്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ഇവരുടെ ജ്യാമാപേക്ഷ പലതവണ തള്ളുകയും ഖത്തര്‍ അധികൃതര്‍ തടവ് നീട്ടുകയും ചെയ്തിരുന്നു. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.

ഇസ്രഈലിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്നതാണ് ഖത്തര്‍ ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് തെളിയിക്കുന്ന ഇലക്ട്രോണിക് രേഖകകള്‍ ഖത്തര്‍ അധികൃതരുടെ കൈവശമുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ടെക്‌നോളജി അടിസ്ഥാനമായി മിഡ്ജറ്റ് അന്തര്‍വാഹിനി നിര്‍മിക്കുന്ന ദെഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് വധശിക്ഷയ്ക്ക് വിധിച്ച നാവികര്‍.

വിധി ഞെട്ടിക്കുന്നതാണെന്നും വിശദമായ വിധിക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുടുംബവുമായും നിയമവിദഗ്ദ്ധരുമായും ബന്ധപ്പെട്ടിരുന്നെന്നും എല്ലാ നിയമസാധ്യതകളും അന്വേഷിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Content highlight : 8 Navy Veterans Get Death In Qatar, “Shocked” India To Contest Order