റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് 400 കിലോ മീറ്റര്‍ തെക്ക് ബീജാപൂരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരോധിത സംഘടനയായ സി.പി.ഐ(മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ കൊലപ്പെട്ടു. ഛത്തീസ്ഗഡ് പൊലീസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ വെടിവെപ്പിനിടയിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ജില്ല റിസര്‍വ് ഗാര്‍ഡ്, സി.ആര്‍.പി.എഫ്, കോബ്ര തുടങ്ങിയ സായുധ ഗ്രൂപ്പുകള്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളതെന്നും മരണപ്പെട്ടവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഛത്തീസ്ഗഡ് പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്തു നിന്ന് റൈഫിളുകളും ഗ്രനേഡുകളും പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.
വെസ്റ്റ് ബസ്തര്‍ ഡിവിഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹങ്ങള്‍ ജില്ല ആസ്ഥാനത്ത് എത്തിച്ചതിന് ശേഷം തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേ സമയം രാവിലെ മുതല്‍ ആരംഭിച്ച ഏറ്റമുട്ടലില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.
2025 ആരംഭിച്ചതിന് ശേഷം ഛത്തീസ്ഗഡിലെ ഇതുവരെ 50ലധികം മാവോയിസ്റ്റുകള്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2024ല്‍ ബസ്തര്‍ മേഖലയില്‍ മാത്രം 219 മാവോയിസ്റ്റുകളെ സുരക്ഷ സേന കൊലപ്പെടുത്തിയിരുന്നു.
ബസ്തര്‍ മേഖലയിലെ തീവ്ര ഇടതു ഗ്രൂപ്പുകളുടെ പ്രഭവ കേന്ദ്രമായാണ് ബീജാപൂരിനെ കണക്കാക്കുന്നത്. ബസ്തറിലെ രൂക്ഷമായ മാവോയിസ്റ്റ് മേഖലകളിലൊന്ന് കൂടിയാണ് ബീജാപൂര്‍. അവിടെയാണിപ്പോള്‍ എട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അവകാശപ്പെടുന്നത്.
content highlights: 8 Maoists killed by security forces in Chhattisgarh; More than 50 activists were killed this year alone