| Friday, 5th July 2024, 7:36 pm

മോദിയുടെ മൂന്നാം ഊഴത്തിന് പിന്നാലെ രാജ്യത്ത് മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ആക്രമണങ്ങളും വര്‍ധിച്ചു; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യയില്‍ ഉടനീളം മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍)ന്റെതാണ് റിപ്പോര്‍ട്ട്.

വോട്ടെണ്ണലിന് പിന്നാലെ രാജ്യത്ത് നടന്ന ആള്‍ക്കൂട്ടക്കൊല, വര്‍ഗീയ കലാപം, ഭരണകൂട പിന്തുണയോടെ മുസ്‌ലിം വീടുകള്‍ തകര്‍ക്കല്‍ എന്നിവയുടെ വിശദമായ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ പൗരാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന
അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, ഗവേഷകര്‍, എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പാണ് എ.പി.സി.ആര്‍. കേന്ദ്രത്തില്‍ എന്‍.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണവും, ആള്‍ക്കൂട്ടക്കൊലകളും, അക്രമങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് ശേഷം എട്ട് ആൾക്കൂട്ടക്കൊലകളും ആറ് ആള്‍ക്കൂട്ട ആക്രമണങ്ങളും മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയ സംഭവങ്ങളും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 22ന് ഗുജറാത്തില്‍, ചിഖോദ്രയില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയ സല്‍മാന്‍ വോറ എന്ന 23 കാരനായ മുസ്‌ലിം യുവാവിനെ ഒരു സംഘം നിഷ്‌കരുണം മര്‍ദിച്ച് കൊലപ്പെടുത്തി. ജൂണ്‍ ഏഴിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ മൂന്ന് മുസ്‌ലിം പുരുഷന്മാരെ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചു.

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് റായ്പൂരിലും മൂന്ന് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് രണ്ടുപേര്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷവുമാണ് മരിച്ചത്.

ജൂണ്‍ 18ന് അലിഗഢില്‍ 35 കാരനായ ഫരീദ് എന്ന മുസ്‌ലിം യുവാവിനെ ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായിരുന്നു. ആള്‍ക്കൂട്ടക്കൊല നടന്ന് 10 ദിവസത്തിന് ശേഷം അലിഗഢ് പൊലീസ് ഫരീദിനെ പ്രതിചേര്‍ത്ത് കവര്‍ച്ചയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മേല്‍ അന്വേഷണം നടന്നിരുന്നില്ല.

കൊല്‍ക്കത്തയില്‍ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജൂണ്‍ 15ന് തെലങ്കാനയിലെ മേദക്കില്‍ മദ്രസക്ക് നേരെ വലതുപക്ഷ സംഘം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പെരുന്നാളിന് ബലികൊടുക്കാന്‍ മദ്രസ അധികാരികള്‍ കന്നുകാലികളെ വാങ്ങിയിരുന്നു.

ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ മദ്രസയ്ക്ക് സമീപം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

ഒഡീഷയിലെ ബാലസോറിലും ഖോര്‍ധയിലും വര്‍ഗീയ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ഒരാഴ്ചയിലേറെ സംസ്ഥാന ഭരണകൂടം സ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് മൃഗബലി എതിര്‍ത്ത് ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു.

ജൂണ്‍ 19ന് ഹിമാചല്‍ പ്രദേശിലെ നഹാനില്‍ ഒരു മുസ്‌ലിം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തുണിക്കട ഹിന്ദുത്വ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. മൃഗബലിയുടെ ചിത്രം തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പങ്കിട്ടതിന് പിന്നാലെയാണ് ഇയാളുടെ കടക്ക് നേരെ ആക്രമണം ഉണ്ടായത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്ന് വ്യക്തമായിരുന്നു.

വീടുകള്‍ തകര്‍ത്തതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പശുഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയില്‍ 11 മുസ്‌ലിം വീടുകളാണ് തകര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: 8 lynchings, 6 mob violence incidents targeting Muslims since LS polls: Report

Latest Stories

We use cookies to give you the best possible experience. Learn more