സിയോള്‍: സന്നദ്ധ സൈനിക സേവനത്തിന് തയ്യാറായി 8 ലക്ഷത്തോളം യുവാക്കള്‍ രംഗത്ത് വന്നതായി ഉത്തര കൊറിയ. അമേരിക്കയുള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ക്കെതിരായ തങ്ങളുടെ നീക്കങ്ങള്‍ക്ക് ഈ യുവാക്കളുടെ സാന്നിധ്യം ശക്തി പകരുമെന്നാണ് ഉത്തര കൊറിയയുടെ വാദം. ദേശീയ പത്രമായ റൊദോങ് സിന്‍മത്തിന്റെ (Rodong Sinmum) വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ NK ന്യൂസ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ എതിരാളികളെ പൂര്‍ണമായും തകര്‍ക്കുക, ഇരു കൊറിയകളെയും ഒന്നിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായ യുവാക്കളാണ് സന്നദ്ധ സൈനിക സേവനത്തിനെത്തുന്നതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി, സൈനിക സേവനത്തിന് സന്നദ്ധത അറിയിക്കുന്ന രേഖകളില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ ഒപ്പുവെച്ചതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. രേഖകളില്‍ ഒപ്പിടാന്‍ കാത്തുനില്‍ക്കുന്ന യുവാക്കളുടെ ചിത്രങ്ങളും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടുന്ന ഏകദേശം എട്ട് ലക്ഷത്തോളം വരുന്ന യുവാക്കളുടെ മുന്നണിപ്പട ശത്രുക്കളെ തറപറ്റിക്കാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തില്‍ അണി ചേരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും ദക്ഷിണകൊറിയയും ഉയര്‍ത്തുന്ന സൈനിക പ്രകോപനങ്ങള്‍ക്കെതിരായ പ്രതികരണമായാണ് സൈന്യത്തിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്.
‘അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും രാജ്യത്തിന്റെ സ്വാതന്ത്ര്യവും വികസനവും സൈ്വര്യജീവിതവും തടസപ്പെടുത്തുകയാണ്. നമ്മുടെ സോഷ്യലിസ്റ്റ് രാഷ്ട്രത്തെ ഇല്ലാതാക്കാനായി നിരന്തര ശ്രമങ്ങള്‍ നടത്തുന്ന ശത്രുരാജ്യങ്ങളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ തുടച്ചു നീക്കാന്‍ ഈ യുവാക്കള്‍ പ്രതിജ്ഞാബദ്ധരാണ്’ പത്രം പറയുന്നു.
സൈനിക സേവന ഉടമ്പടിയില്‍ ചേര്‍ന്ന വ്യക്തികളുടെ പ്രായം വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ നിയമപ്രകാരം പുരുഷന്മാര്‍ പത്ത് വര്‍ഷവും സ്ത്രീകള്‍ മൂന്ന് വര്‍ഷവും നിര്‍ബന്ധിത സൈനിക സേവനത്തിന് തയ്യാറാകേണ്ടതുണ്ട്.
ഉത്തര കൊറിയ ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് സൈനിക റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
‘ഫീഡം ഷീല്‍ഡ് 23’ എന്ന പേരില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന സംയുക്ത സെനികാഭ്യാസത്തിന് അമേരിക്കയും ദക്ഷിണ കൊറിയയും തുടക്കമിട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ വിലയിരുത്തുന്നത്.
Content Highlights: 8 lakh North Korean youth for military service