[]ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു വ്യോമസേനാ അംഗങ്ങള്‍ അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. സേനാവിമാനം അപകടത്തില്‍ പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. തകര്‍ന്ന കോപ്ടറിലുണ്ടായിരുന്നവരില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്.[]
വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്ടറാണ് ഗൗരീകുണ്ഡിനു സമീപം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയാണ് കോപ്ടര്‍ അപകടകാരണമെ ന്നാണ് പ്രാഥമിക വിവരമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. കാലാവസ്ഥ മോശമായിട്ടും പൈലറ്റ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നുവെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു. കോപ്ടര്‍ തകര്‍ന്നതിനെ കുറിച്ച് വിശദമായ അന്വേഷണം സേനാതലത്തില്‍ ആരംഭിച്ചതായി സേനാ വക്താവ് വ്യക്തമാക്കി.
ഗൗച്ചറില്‍ നിന്ന് ഗുപ്തകാശി തുടര്‍ന്ന് കേദാര്‍നാഥിലേക്കും രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്ടര്‍ ആണ് അപകടത്തില്‍ പെട്ടത്. കേദാര്‍നാഥില്‍ നിന്നും അപകടത്തില്‍ പെട്ടവരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഗൗരികുണ്ഡിനടുത്താണ് സേനാ കോപ്ടര്‍ അപകടത്തില്‍ പെട്ടത്.
ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കോപ്ടര്‍ അപകടമാണിത്. മരിച്ചവരില്‍ മൂന്നു പേര്‍ സാധാരണക്കാരും മറ്റ് അഞ്ച് പേര്‍ എയര്‍ഫോഴ്‌സ് അംഗങ്ങളാണ്. ഹെലികോപ്ടറില്‍ കുടുതല്‍ യാത്രക്കാരുള്ളതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
പോലീസ് റെക്കോര്‍ഡ് പ്രകാരം 350 പേരാണ് ഉത്തരാഖണ്ഡില്‍ കാണാതായിട്ടുള്ളത്. എന്നാല്‍ ആയിരക്കണക്കിന് ആള്‍ക്കാരെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 8000 ത്തോളം പേര്‍ ഇനിയും പ്രളയബാധിത മേഖലകളില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇന്നുണ്ടായ മലയിടിച്ചിലില്‍ മാത്രമായി 822 പേരാണ് ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ടത്.