കമലേഷ് തിവാരി കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം ഭാര്യ കിരണ്‍ തിവാരിയെ ഹിന്ദു സമാജ് പാര്‍ട്ടി അധ്യക്ഷയാക്കി പാര്‍ട്ടി
India
കമലേഷ് തിവാരി കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം ഭാര്യ കിരണ്‍ തിവാരിയെ ഹിന്ദു സമാജ് പാര്‍ട്ടി അധ്യക്ഷയാക്കി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 2:57 pm

ന്യൂദല്‍ഹി: ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരി ലഖ്നൗ ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട് എട്ട് ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ തിവാരിയെ ഹിന്ദു സമാജ് പാര്‍ട്ടിയുടെ അധ്യക്ഷയാക്കി നേതാക്കള്‍.

പാര്‍ട്ടി മേധാവിയായി അവര്‍ ഇന്ന് ചുമതലയേറ്റു. ഹിന്ദു മഹാസഭയുമായി പിരിഞ്ഞ ശേഷം 2017 ല്‍ തിവാരി സ്ഥാപിച്ചതാണ് ഹിന്ദു സമാജ് പാര്‍ട്ടി.

18 സംസ്ഥാനങ്ങളില്‍ ഹിന്ദു സമാജ് പാര്‍ട്ടിക്ക് സാന്നിധ്യമുണ്ടെന്നെന്നും സംഘടനയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുകയാണെന്നും കിരണ്‍ തിവാരി പറഞ്ഞു.

പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തീരുമാനിക്കാന്‍ ഉടന്‍ തന്നെ ഹിന്ദു സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിക്കുമെന്ന് കിരണ്‍ തിവാരി അറിയിച്ചു.

”ഈ ഉത്തരവാദിത്തം ഞങ്ങളില്‍ ഏല്‍പ്പിച്ച് അദ്ദേഹം പോയി. അത് ഞാന്‍ ഏറ്റെടുക്കുന്നു. പിന്‍മാറാന്‍ ഉദ്ദേശിച്ചിട്ടില്ല. കമലേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിയാമെന്നും കിരണ്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിവാരിയുടെ കൊലപാതകം യു.പി പൊലീസും ഗുജറാത്ത് എ.ടി.എസും ചേര്‍ന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. കേസില്‍ 10 പേരാണ് ഇതുവരെ അറസ്റ്റിലായത്.

അതേസമയം, 2022 ലെ യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം മറ്റ് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും കിരണ്‍ പറഞ്ഞു.

ബിരുദധാരിയായ കമലേഷ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫൈസാബാദില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് 2015 ല്‍ അന്നത്തെ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ തിവാരിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് കേസ് റദ്ദാക്കുകയായിരുന്നു.