| Wednesday, 28th April 2021, 9:27 am

ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറഞ്ഞ യു.പിയില്‍ പ്രാണവായു കിട്ടാതെ എട്ട് കൊവിഡ് രോഗികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പിയിലെ ആഗ്രയിലെ ആശുപത്രിയിലാണ് സംഭവം.

ആഗ്രയിലെ പാരാസ് ഹോസ്പിറ്റലിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി ജീവനക്കാരന്‍ തനു ചതുര്‍വേദി പറഞ്ഞത്.

ഉത്തര്‍പ്രേദശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന യു. പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇത്രയധികം പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മെഡിക്കല്‍ ഓക്‌സിജന്റെ കുറവുണ്ടായെന്നും അത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും ആഗ്രയിലെ ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിംഗ് പറഞ്ഞത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനവ് ഉണ്ടായതാണ് ഓക്‌സിജന്‍ ക്ഷാമത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ‘അഭ്യൂഹങ്ങള്‍’ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചുകെട്ടുമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

യഥാര്‍ഥ പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച്
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 8 Covid patients in Agra hospital die due to lack of oxygen days after UP govt’s claim of no shortages

We use cookies to give you the best possible experience. Learn more