കോഴിക്കോട്: ബി.എസ്.എന്‍.എല്ലില്‍ നിന്ന് കൊഴിഞ്ഞുപ്പോക്ക് തുടരുന്നു. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8.7 ദശലക്ഷം ഉപഭോക്താക്കള്‍ കഴിഞ്ഞ നവംബറില്‍മാത്രം ബി.എസ്.എന്‍.എല്ലില്‍ നിന്ന് കൊഴിഞ്ഞുപോയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും അടുത്തിടെ ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയവരാണ്.
ജൂലായില്‍ മറ്റ് ടെലിക്കോം കമ്പനികള്‍ റീച്ചാര്‍ജ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചതോടെയാണ് മൊബൈല്‍ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് ഒഴുകിയെത്തിയത്. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വി.ഐയും ജിയോയും എയര്‍ടെല്ലുമെല്ലാം തന്നെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളില്‍ പലരും താരിഫ് കുറവുള്ള ബി.എസ്.എന്‍.എല്ലിലേക്ക് കുടിയേറി.
ഇത്തരത്തില്‍ ആഗസ്റ്റില്‍ 21 ലക്ഷം പേരും സെപ്റ്റംബറില്‍ 11 ലക്ഷം പേരും ഒക്ടോബറില്‍ ഏഴ് ലക്ഷം പേരും ബി.എസ്.എന്‍.എല്‍ വരിക്കാരായി. അടുത്തകാലത്തൊന്നും നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചെങ്കിലും താരിഫ് കുറഞ്ഞത് കൊണ്ട് മാത്രം ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മറ്റ് ടെലികോം കമ്പനികള്‍ 5ജിയിലേക്ക് ചുവട് വെച്ചപ്പോള്‍ ബി.എസ്.എന്‍.എല്ലിന് 4ജിയിലേക്ക് പോലും മാറാന്‍ സാധിക്കാത്തത് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന് ടെലികോം രംഗത്തെ വിദഗ്ദരും ജീവനക്കാരും കമ്പനിക്ക് മുന്നറിപ്പ് നല്‍കിയിരുന്നു.
ഇതിനൊരു പരിഹാരം എന്നോണം കേന്ദ്ര സര്‍ക്കാരിന് മുഖ്യ പങ്കാളിത്തമുള്ള വി.ഐയുടെ ടവറുകള്‍ ബി.എസ്.എന്‍.എല്ലുമായി പങ്കുവെക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
നെറ്റ്‌വര്‍ക്കിലെ വേഗതക്കുറവും ഫോണ്‍ കോളുകളിലെ ക്ലാരിറ്റിക്കുറവുമാണ് ബി.എസ്.എന്‍.എല്ലിലെ കൊഴിഞ്ഞ് പോക്കിന് കാരണം. ആഗസ്റ്റ് മുതല്‍ ബി.എസ്.എന്‍എല്ലിലേക്ക് പുതിയ വരിക്കാര്‍ എത്തുന്നത് കുറഞ്ഞതും കൊഴിഞ്ഞ്‌പോക്ക് കൂടിയതും ശ്രദ്ധിക്കണമെന്ന് മാനേജ്‌മെന്റിന് നിര്‍ദേശം ലഭിച്ചിട്ടും ശ്രദ്ധ നല്‍കിയില്ല എന്ന ആക്ഷേപവുമുണ്ട്.
നിലവില്‍ വിപണി എയര്‍ടെല്ലിന് അനുകൂലമാണ്. ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്കാണ് എയര്‍ടെല്ലിനെ ജനപ്രീയമാക്കുന്നത്. കൂടാതെ ജിയോയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും എയര്‍ടെല്ലിന് ഗുണകരമായി. അതേസമയം ബി.എസ്.എന്‍.എല്ലില്‍ നിന്ന് ജീവനക്കാര്‍ രണ്ടാം വി.ആര്‍.എസ് സ്വീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Content Highlight: 8.7 lakh customers left BSNL in November and still continues