| Wednesday, 28th February 2024, 8:47 pm

വെനീസ് ബിനാലെയിൽ ഇസ്രഈലിനെ പങ്കെടുപ്പിക്കരുത്; കത്തിൽ ഒപ്പുവെച്ച് 8,000 കലാകാരന്മാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെനീസ്: 60ാമത് വെനീസ് ബിനാലെയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രഈലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനത്തിൽ ഒപ്പുവെച്ച് 8,000 കലാകാരന്മാർ.

ദി ആർട്ട് നോട്ട് ജിനോസൈഡ് അലയൻസ് (എ.എൻ.ജി.എ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കലാകാരന്മാരും ക്യുറേറ്റർമാരും ‘വെനീസ് ബിനാലെയിൽ വംശഹത്യ പവിലിയൻ അനുവദിക്കില്ല’ എന്ന ശീർഷകത്തോടെയുള്ള തുറന്ന കത്തിൽ ഒപ്പുവെച്ചത്.

1895ൽ ആരംഭിച്ച വെനീസ് ബിനാലെ ബിനാലെകളിൽ ഏറ്റവും പഴക്കം ചെന്നവയിലൊന്നാണ്. സമകാലിക കലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക പ്രദർശനമാണ് ഇത്.

ബിനാലെ നടക്കുന്ന വെനീസിലെ ജിയാർദിനി പാർക്കിൽ ഇസ്രഈലിന് ഒരു പവിലിയൻ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

‘അന്താരാഷ്ട്ര സാംസ്‌കാരിക വേദിയിൽ ഇസ്രഈൽ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത് അവരുടെ നയങ്ങളെയും ഗസയിലെ വംശഹത്യയെയും അംഗീകരിക്കുന്നതിന് തുല്യമാണ്. വംശഹത്യ നടത്തുന്ന, വർണവിവേചനമുള്ള ഒരു രാഷ്ട്രത്തിനാണ് ബിനാലെ വേദി നൽകുന്നത്,’ കത്തിൽ പറയുന്നു.

വംശഹത്യാപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രഈലിന് മുന്നറിയിപ്പ് നൽകിയിട്ടും തങ്ങൾ അന്താരാഷ്ട്ര കോടതിക്കും മുകളിലാണെന്ന് അവരുടെ നേതാക്കൾ പ്രഖ്യാപിക്കുകയാണെന്നും കത്തിൽ പറയുന്നു.

ഫലസ്തീനികൾക്കെതിരായ ഇസ്രായേലിനെ ആക്രമണങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്ന ബിനാലെയെ കത്തിൽ നിശിദമായി വിമർശിക്കുന്നുണ്ട്. 2022ൽ റഷ്യയുമായുള്ള സംഘർഷത്തിൽ ഉക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബിനാലെയുടെ 59ാമത് പതിപ്പിന്റെ ക്യുറേറ്റർ സിസിലിയ അലമാനിയുടെ ഇരട്ടത്താപ്പിനെയും കലാകാരന്മാർ വിമർശിച്ചു.

1968 മുതൽ 1993 വരെ, വർണ്ണവിവേചന രാഷ്ട്രമായിരുന്ന ദക്ഷിണാഫ്രിക്കയെ ബിനാലെയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlight: 8,000 artists sign online petition to exclude Israel from Venice Biennale

We use cookies to give you the best possible experience. Learn more