സെവന്‍ത് ഡേ; ദൈവം വിശ്രമിക്കാന്‍ പോയ ഏഴാം നാള്‍ സംഭിവിച്ചത്
D-Review
സെവന്‍ത് ഡേ; ദൈവം വിശ്രമിക്കാന്‍ പോയ ഏഴാം നാള്‍ സംഭിവിച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th April 2014, 10:37 am

“ചോദിച്ചാല്‍ കരള് പറിച്ചു കൊടുക്കുന്ന ആണ്‍ സുഹൃത്തുക്കള്‍ക്കിടയിലേക്ക് ഒരു പെണ്ണ് കൂടി വന്നാല്‍ തീര്‍ന്നു ആ സൗഹൃദം” എന്ന ക്ലീഷേ തന്നെയാണ് സെവന്‍ത് ഡേയും പയറ്റുന്നത്. സിനിമയുടെ നിര്‍ണായക ഘട്ടത്തില്‍ സുഹൃത്ത് ശത്രുവാകുകയും ഇഷ്ടപ്പെട്ട പെണ്ണിന് വേണ്ടി ആത്മമാര്‍ത്ഥ സുഹൃത്തിന്റെ മരണം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍, കഥ ആ വഴിക്ക് തിരിച്ചു വിടാനാണ് ജനനി അയ്യര്‍ അവതരിപ്പിച്ച ജെസ്സിയെ തിരക്കഥാകൃത്ത് സൃഷ്ടിച്ചത് എന്ന് തോന്നും.


line

സിനിമ നിരൂപണം / നസീബ ഹംസ

line

 

3-star

സിനിമ: സെവന്‍ത് ഡേ

സംവിധായകന്‍: ശ്യാംധര്‍

നിര്‍മാണം: ഷിബു ജി. സുശീലന്‍

കഥ, തിരക്കഥ: അഖില്‍ പോള്‍

അഭിനേതാക്കള്‍: പൃഥ്വിരാജ്, ജനനി ഐയ്യര്‍,
വിനയ് ഫോര്‍ട്ട്, ടോവിനോ തോമസ്,
അനു മോഹന്‍, പ്രവീണ്‍ പ്രേം, ജോയ് മാത്യു

സംഗീതം: ദീപക് ദേവ്

ഛായാഗ്രഹണം: സുജിത് വാസുദേവന്‍

എഡിറ്റിങ്: ജോണ്‍ കുട്ടി

[share]

ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍…  സെവന്‍ത് ഡേ. പ്രേക്ഷകനെ രണ്ടര മണിക്കൂര്‍ ബോറടിപ്പിക്കാതെ കഥ പറയുന്നതില്‍ സെവന്‍ത് ഡേ വിജയിച്ചു. ആദ്യാവസാനം സസ്‌പെന്‍സ്  നിലനിര്‍ത്തുന്ന ചിത്രത്തില്‍ ഇടക്കിടെ ചില കല്ലുകടികളുണ്ടെങ്കിലും സിനിമയുടെ ആസ്വാദനത്തിന് അതൊന്നും വലിയ രീതിയില്‍ തടസ്സമാവില്ല.

സസ്‌പെന്‍സ് ത്രില്ലറായതിനാല്‍ ചിത്രത്തിന്റെ കഥയിലേക്ക് കൂടുതലായി കടക്കുന്നില്ല. നാല് സുഹൃത്തുക്കളുടെ ജീവിതം ഒരു രാത്രി കൊണ്ട് എങ്ങനെയൊക്കെ മാറി മറിമറിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആറ് ദിവസം തുടരുന്ന പ്രശ്‌നത്തിന് ഏഴാം നാളുണ്ടാകുന്ന നാടകീയമായ അന്ത്യത്തില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്.vinay-fort

ഇവരുടെ ഇടയിലേക്ക് അവര്‍ പോലുമറിയാതെ രക്ഷകനായി ഡേവിഡ് എബ്രഹാം എന്ന ഐ.പി.എസ് ഓഫീസര്‍ എത്തുന്നു. യാദൃശ്ചികമായുണ്ടായ ദുരന്തങ്ങളില്‍ നിന്നെല്ലാം തങ്ങളെ രക്ഷിച്ചയാളെ തന്നെയാണ് ഇത്രനാള്‍ പേടിച്ചതെന്ന് സുഹൃത്തുക്കളും ഒപ്പം പ്രേക്ഷകരും തിരിച്ചറിയുന്നിടത്ത് ക്രിസ്റ്റി എന്ന അതിബുദ്ധിമാനായ കള്ളനോട്ട് രാജാവ് വെളിപ്പെടുന്നു. അവിടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

“ചോദിച്ചാല്‍ കരള് പറിച്ചു കൊടുക്കുന്ന ആണ്‍ സുഹൃത്തുക്കള്‍ക്കിടയിലേക്ക് ഒരു പെണ്ണ് കൂടി വന്നാല്‍ തീര്‍ന്നു ആ സൗഹൃദം” എന്ന ക്ലീഷേ തന്നെയാണ് സെവന്‍ത് ഡേയും പയറ്റുന്നത്. സിനിമയുടെ നിര്‍ണായക ഘട്ടത്തില്‍ സുഹൃത്ത് ശത്രുവാകുകയും ഇഷ്ടപ്പെട്ട പെണ്ണിന് വേണ്ടി ആത്മമാര്‍ത്ഥ സുഹൃത്തിന്റെ മരണം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍, കഥ ആ വഴിക്ക് തിരിച്ചു വിടാനാണ് ജനനി അയ്യര്‍ അവതരിപ്പിച്ച ജെസ്സിയെ തിരക്കഥാകൃത്ത് സൃഷ്ടിച്ചത് എന്ന് തോന്നും.

tovino-thomas.-2പൃഥ്വിരാജിന്റെ പഞ്ചാരയടിക്കല്‍ “അഭിനയവും”, പലനേരങ്ങളിലായുള്ള നായകന്റെ ഹിടുമ്പന്‍ ഡയലോഗുകളുമാണ് ഇടക്ക് അലോസരമുണ്ടാക്കുന്നത്. പറഞ്ഞ പൃഥ്വിരാജിനും കേട്ട പ്രേക്ഷകനും ഈ ഡയലോഗുകളുടെ അര്‍ത്ഥം മനസ്സിലായിട്ടുണ്ടാകാന്‍ തരമില്ല. ഇത് പക്ഷേ, നടന്റെ തെറ്റല്ല. നടന് ഡയലോഗ് എഴുതിക്കൊടുത്തയാളുടെ കുഴപ്പമാണ്. എന്നാലും താന്‍ പറയുന്നത് എന്തോ വലിയ ഡയലോഗാണെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കുമാറ് പൃഥ്വിരാജ് അത് നന്നായിത്തന്നെ ചെയ്തു.

ഒരു സീനില്‍ മാത്രമെത്തുന്ന ഡോ. ഭട്ടതിരിയാണ് കുഴക്കുന്ന മറ്റൊരു കഥാപാത്രം. ജോയ് മാത്യു അവതരിപ്പിച്ച ഈ ഡോക്ടര്‍ കഥാപാത്രത്തെ എന്തിന് സൃഷ്ടിച്ചു എന്ന സംശയം സിനിമ തീര്‍ന്നാലും മുഴച്ചു നില്‍ക്കും. കഥയിലെ സസ്‌പെന്‍സിന്റെ അളവ് കുറച്ച് കൂട്ടാന്‍ വേണ്ടി ബോധപൂര്‍വം ചെയ്തതാണെന്ന് വേണമെങ്കില്‍ പറയാമെങ്കിലും സിനിമയില്‍ തീര്‍ത്തും അപ്രസക്തമാണ് ഈ രംഗം.

anu-mohanപുതുതായി ഇറങ്ങുന്ന എല്ലാ സിനിമയിലും ജോയ് മാത്യു എന്ന നടനെ കാണാം. സിനിമയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അത്ര അനിവാര്യമാണെന്ന് സംവിധായകനും തിരക്കഥാകൃത്തും കരുതുന്നുണ്ടെങ്കില്‍ ആദ്യം അത് തോന്നേണ്ടത് പ്രേക്ഷകനാണ്. ജോയ് മാത്യു അല്ല മറ്റാര് ആ വേഷം ചെയ്താലും മുകളില്‍ പറഞ്ഞ സംശയം ഉണ്ടാവുകയും ചെയ്യും.

സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വിനയ് ഫോര്‍ട്ട്, അനു മോഹന്‍, ടോവിനോ തോമസ്, പ്രവീണ്‍ പ്രേം എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. ചിലയവസരങ്ങളിലെ ബോറന്‍ അഭിനയം മാറ്റിവെച്ചാല്‍ പൃഥ്വിരാജും തന്റെ വേഷം മികച്ചതാക്കി. ക്രിസ്റ്റി എന്ന വില്ലന്‍ നായകനോട് പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നും.

pravina-premതുടക്കം മുതല്‍ അവസാനം വരെ സസ്‌പെന്‍സ് കൊണ്ടുപോകുന്നതില്‍ തിരക്കഥാകൃത്ത് അഖില്‍ പോളും കാഴ്ച്ചക്കാരനെ ഉദ്യേഗത്തിലാക്കി സിനിമ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സംവിധായകന്‍ ശ്യംധറും വിജയിച്ചു. ദീപക് ദേവിന്റെ സംഗീതവും സുജിത് വാസുദേവിന്റെ ക്യാമറയും ഒരു സസ്‌പെന്‍സ് ത്രില്ലറിന് അനുയോജ്യമായ വിധത്തില്‍ തന്നെ.

വ്യത്യസ്തമായ ലൊക്കേഷന്‍ പരിസരവും സിനിമയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. ഈ വിഷുക്കാല ചിത്രങ്ങളില്‍ പ്രേക്ഷക പ്രിയം പിടിച്ചു പറ്റുന്ന കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് സെവന്‍ത് ഡേ.